Skip to main content
പന്തളം കുളനട പ്രീമിയം കഫേയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച മാധ്യമ ശില്‍പശാല നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കുന്നു

കുടുംബശ്രീയിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കി: ഡെപ്യൂട്ടി സ്പീക്കര്‍

കുടുംബശ്രീ 27 വര്‍ഷം പിന്നിടുമ്പോള്‍ ജില്ലയില്‍ ഒന്നര ലക്ഷം അംഗങ്ങളുള്ള വലിയ കൂട്ടായ്മയായി മാറിയെന്നും കുടുംബങ്ങളില്‍ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനായെന്നും നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍.  പന്തളം കുളനട പ്രീമിയം കഫേയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ  പ്രധാന ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നായി കുടുംബശ്രീ ഉയര്‍ന്നു. സംരംഭങ്ങള്‍  ആരംഭിക്കുന്നതിന് വനിതാ വികസന കോര്‍പറേഷന്‍, പിന്നോക്ക വികസന കോര്‍പറേഷന്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയിലൂടെ  കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കുന്നു. കൃഷി, ക്ഷീരവികസനം, ചെറുകിട വ്യവസായം, ടൂറിസം തുടങ്ങി എല്ലാ മേഖലയിലും സമഗ്ര വികസനം കുടുംബശ്രീയിലൂടെ സാധ്യമായി. കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ജനകീയമാക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് വലുതാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

സ്ത്രീകളെ സ്വയം പര്യാപ്തരാക്കി മുഖ്യധാരയിലേക്ക് കൊണ്ടുവന്നതില്‍  കുടുംബശ്രീ പ്രധാന പങ്ക് വഹിച്ചതായി അധ്യക്ഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം പറഞ്ഞു.  തൊഴില്‍ നൈപുണ്യ പരിശീലനത്തിലൂടെ നിരവധി പേര്‍ക്ക് ആശ്രയമാകാന്‍ കുടുംബശ്രീക്കായെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

കുടുംബശ്രീ നേതൃത്വം നല്‍കുന്ന വിവിധ പദ്ധതികളെക്കുറിച്ച് അവബോധം നല്‍കുക, പദ്ധതി പ്രവര്‍ത്തനത്തിന് വ്യാപക പ്രചാരം നല്‍കുക  എന്നീ ലക്ഷ്യത്തോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്. കുടുംബശ്രീ നാള്‍വഴികള്‍, ജില്ലയില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനം, കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ മാധ്യമങ്ങളുടെ പങ്ക് വിഷയങ്ങളില്‍ ചര്‍ച്ച നടന്നു.

പ്രീമിയം കഫെയില്‍ ഒരുക്കിയ കര്‍ക്കടക കഞ്ഞി ഫെസ്റ്റിന്റെ ഉദ്ഘാടനവും ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ അധ്യക്ഷന്‍ പി.എസ് മോഹനന്‍ മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ. ബിന്ദുരേഖ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ്, പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യന്‍, സെക്രട്ടറി ജി വിശാഖന്‍, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date