നെഹ്‌റുട്രോഫി വഞ്ചിപ്പാട്ട് മത്സരം ഇന്ന് (27)
71-ാമത് നെഹ്‌റുട്രോഫി വള്ളംകളിയുടെ ഭാഗമായി നടത്തുന്ന വഞ്ചിപ്പാട്ട് മത്സരം ഇന്ന് (ആഗസ്റ്റ് 27ന്) ആലപ്പുഴ മുല്ലയ്ക്കൽ പോപ്പി ഗ്രൗണ്ടിൽ പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. മുൻ എംഎൽഎ സി കെ സദാശിവൻ അധ്യക്ഷനാകും. പോപ്പി ഗ്രൗണ്ടിൽ രാവിലെ എട്ട് മണിക്ക് നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ അലക്സ് വർഗീസ് പതാക ഉയർത്തും. വഞ്ചിപ്പാട്ട് വള്ളം പണിത തങ്കച്ചൻ ആചാരിയെ ചടങ്ങില്‍ ആദരിക്കും. മുൻ എംഎൽഎ കെ കെ ഷാജു, നഗരസഭ ഉപാധ്യക്ഷൻ പിഎസ്എം ഹുസൈൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ആറന്മുള ശൈലി, കുട്ടനാട് ശൈലി, വെച്ചുപാട്ട് എന്നിങ്ങനെയാണ് മത്സരയിനങ്ങൾ. പുരുഷന്മാർ, സ്ത്രീകൾ, സീനിയർ ആൺകുട്ടികൾ, സീനിയർ പെൺകുട്ടികൾ, ജൂനിയർ ആൺകുട്ടികൾ, ജൂനിയർ പെൺകുട്ടികൾ എന്നീ വിഭാഗങ്ങളിലാണ് മത്സരം. വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനം എച്ച് സലാം എംഎൽഎ ഉദ്ഘാടനം ചെയ്യും.
വള്ളംകളിക്കും വഞ്ചിപ്പാട്ടിനും സമഗ്ര സംഭാവന നൽകിയ കൈനകരി സുരേന്ദ്രന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ മക്കൾ ഏർപ്പെടുത്തിയ എൻഡോവ്മെന്റ് മകനും ചലച്ചിത്ര പിന്നണിഗായകനുമായ സുധീപ് കുമാർ ചടങ്ങിൽ വിതരണം ചെയ്യും. കുട്ടനാട് ശൈലി സ്ത്രീ, പുരുഷ ടീമുകള്‍ക്ക് 10001 രൂപവീതമാണ് ഈ വർഷം മുതൽ തുടർച്ചയായി നൽകുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി മുഖ്യ പ്രഭാഷണം നടത്തും. നഗരസഭാധ്യക്ഷ കെ കെ ജയമ്മ അധ്യക്ഷയാകും. സബ് കളക്ടർ സമീർ കിഷൻ, നഗരസഭാഗം അഡ്വ. റീഗോ രാജു, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്മറ്റി കൺവീനറും ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ പി എസ് വിനോദ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
(പിആര്‍/എഎല്‍പി/2575)
- Log in to post comments