Skip to main content

മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി 27 രാജ്യങ്ങളെ പങ്കെടുപ്പിച്ച് ഇൻവെസ്റ്റ്മെൻ്റ് മീറ്റ് നടത്തും: മന്ത്രി സജി ചെറിയാൻ

*വാടപൊഴി പാലത്തിന്റെയും അപ്പ്രോച്ച് റോഡിന്റെയും ഉദ്ഘാടനം നിർവഹിച്ചു

കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കായി യുറോപ്പിലെ 27 രാജ്യങ്ങളിലെ അംബാസിഡർമാർ പങ്കെടുക്കുന്ന ഇൻവെസ്റ്റ്മെൻ്റ് മീറ്റ് നടത്തുമെന്ന് 
ഫിഷറീസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വാടപൊഴി പാലത്തിന്റെയും അപ്പ്രോച്ച് റോഡിന്റെയും ഉദ്ഘാടനം
മത്സ്യഗന്ധി ജംഗ്ഷന് സമീപം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരത്ത് സെപ്റ്റംബർ 18,19 തീയതികളിലാണ് ഇൻവെസ്റ്റ്മെൻ്റ് മീറ്റ് നടത്തുന്നത്. ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് ചർച്ചയ്ക്കായി തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കുന്നതിന് നിയമസഭയിൽ ബില്ല് അവതരിപ്പിച്ചു. ഇത് നടപ്പിലാക്കുമ്പോൾ ഇടനിലക്കാരുടെ ചൂഷണം അവസാനിക്കുകയും മൽസ്യത്തിന് ന്യായവില ലഭിക്കുകയും ചെയ്യും. ആലപ്പുഴ ജില്ലയിൽ നാല് ഹാർബറുകളാണ് യാഥാർഥ്യമാകാൻ പോകുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ഭവന നിർമ്മാണം, ഭവന നവീകരണം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ തുടങ്ങിയ എല്ലാ മേഖലയിലും നബാർഡിൻ്റെ സഹായത്തോടെ 4000 കോടി രൂപയുടെ പദ്ധതി നടപ്പാക്കാൻ പോകുകയാണ്. റോഡ്, പാലം, സ്കൂൾ, ആശുപത്രി തുടങ്ങി സമഗ്ര വികസനമാണ് അമ്പലപ്പുഴ മണ്ഡലത്തിൽ നടക്കുന്നത്. പുനർഗേഹം പദ്ധതി പ്രകാരം 6,300 വീടുകൾ നിർമ്മിച്ചു. അമ്പലപ്പുഴ മണ്ഡലത്തിൽ 24 ഫ്ളാറ്റുകൾ ഉദ്ഘാടനത്തിന് ഒരുങ്ങി. കടൽക്ഷോഭം മൂലം വഴിയാധാരമായ ഒരു മത്സ്യത്തൊഴിലാളി പോലും ഇന്ന് കേരളത്തിൽ ഇല്ല. 400 ത്തോളം ഫ്ലാറ്റുകളാണ് വലിയതുറയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. ആയിരത്തോളം ഫ്ലാറ്റുകളുടെ നിർമ്മാണം നടക്കുകയാണ്. മത്സ്യത്തൊഴിലാളി മേഖലയിൽ നിന്ന് 90 വിദ്യാർഥികൾ എംബിബിഎസ് പാസായി. 26 വിദ്യാർഥികൾക്കാണ് കഴിഞ്ഞവർഷം എംബിബിഎസിന് അഡ്മിഷൻ ലഭിച്ചത്.  മത്സ്യത്തൊഴിലാളികളുടെ മക്കൾ പാതിവഴിയിൽ വിദ്യാഭ്യാസം അവസാനിപ്പിക്കുന്നത് തടയുന്നതിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്. തൊഴിൽ തീരം പദ്ധതിപ്രകാരം നൂറുകണക്കിനാളുകൾക്ക് ജോലി കൊടുക്കുന്ന പദ്ധതി ആവിഷ്കരിച്ചു കൊണ്ടിരിക്കുകയാണ്.  നഷ്ടത്തിലായിരുന്ന മത്സ്യഫെഡിൻ്റെ ലാഭം ആറരക്കോടിയായി വർദ്ധിപ്പിക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

2.05 കോടി രൂപ ചെലവിൽ നിർമ്മിച്ച പാലവും റോഡും, 25 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ച സംരക്ഷണ ഭിത്തി, നിർമ്മാണത്തിന് ആവശ്യമായ സ്ഥലം സമീപവാസികളിൽ നിന്ന് ഏറ്റടുക്കുന്നതിന് 1.90 കോടി രൂപ ഉൾപ്പടെ ആകെ 4. 20 കോടി രൂപയാണ് വാടപ്പൊഴി പാലത്തിൻ്റെയും റോഡിൻ്റെയും നിർമ്മാണത്തിന് ആകെ ചെലവഴിച്ചത്. തുടക്കത്തിൽ ആറ് മീറ്റർ മാത്രമായിരുന്ന കലുങ്ക്, സുഗമമായ സഞ്ചാരത്തിന് 10 മീറ്ററാക്കി വീതി വർധിപ്പിച്ചു. ഇതിൻ്റെ ഇരുഭാഗത്തേക്കും ബിഎം ബിസി നിലവാരത്തിൽ റോഡും പൂർത്തിയാക്കിയതോടെ മണ്ഡലത്തിലെ തീരദേശ ഹൈവേയിലൂടെയുള്ള സഞ്ചാരം സാധ്യമാകുകയാണ്.

ചടങ്ങിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനായി. നഗരസഭാധ്യക്ഷ കെ കെ ജയമ്മ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ എം ആർ പ്രേം, ആർ വിനിത, എ എസ് കവിത, നഗരസഭാഗംങ്ങളായ എൽജിൻ റിച്ചാർഡ്, ബി അജേഷ്, മേരി ലീന, രമ്യ സുർജിത്, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തംഗം സുരേഷ് ബാബു, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
(പിആര്‍/എഎല്‍പി/2582)
 

date