കാത്തിരിപ്പിന് വിരാമം: കുമ്പളങ്ങി-അരൂർ കെൽട്രോൺ പാലം യാഥാര്‍ഥ്യമാകുന്നു
*നിർമ്മാണ പ്രവർത്തികൾക്ക് തുടക്കം
കുമ്പളങ്ങി-അരൂർ കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കുമ്പളങ്ങി-കെൽട്രോൺ പാലത്തിന്റെ നിർമാണ പ്രവർത്തികൾക്ക് തുടക്കമായി. കുമ്പളങ്ങിക്കാർക്ക് ദേശീയപാതയിലേക്കും അരൂർ നിവാസികൾക്ക് കൊച്ചിയിലേക്കും പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ കുറഞ്ഞ സമയത്തിൽ സഞ്ചരിക്കാനാകും. 290.6 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലം 36.2 മീറ്റർ നീളത്തിലുള്ള എട്ടു സ്പാനുകളിലാണ് നിർമിക്കുന്നത്. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 43.7 കോടി രൂപയാണ് നിർമ്മാണത്തിനായി സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ചത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമ്മാണച്ചുമതല. ഇരു കരകളിലും സമീപനപാതകളും നിർമ്മിക്കും. കുമ്പളങ്ങി ഭാഗത്ത് 110 മീറ്ററും അരൂർ ഭാഗത്ത് 140 മീറ്റർ നീളത്തിലുമാണ് റോഡുകൾ നിർമിക്കുക. ഒന്നര വർഷത്തിനുള്ളിൽ പാലംപണി പൂർത്തിയാക്കാനാണ് ലക്ഷ്യം. എംഎൽഎ മാരായ ദലീമ, കെ ജെ മാക്സി എന്നിവരുടെ സാന്നിധ്യത്തിൽ കുമ്പളങ്ങിയിൽ നടന്ന ചടങ്ങിൽ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ ജീവൻ, അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രാഖി ആന്റണി, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments