*സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം ഉറപ്പാക്കാൻ സ്ത്രീ ക്യാമ്പയിൻ; ജില്ലാതല ഉദ്ഘാടനം ഇന്ന് -ആഴ്ചയിലൊരിക്കൽ പ്രത്യേക ക്ലിനിക്ക്, മൂന്ന് ദിവസം അയൽക്കൂട്ട പരിശോധനകൾ *
ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ആരോഗ്യ സേവനങ്ങൾ നൽകുന്ന സ്ത്രീ (സ്ട്രെങ്തനിങ് ഹെര്‍ ടു എംപവര്‍ എവരിവൺ) കാമ്പയിനുമായി ആരോഗ്യ വകുപ്പ്. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ( സെപ്റ്റംബർ 22) രാവിലെ 11 ന് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ പ്രിയങ്ക ഗാന്ധി എം.പി നിര്‍വഹിക്കും. ആരോഗ്യമുള്ള സ്ത്രീകൾ ആരോഗ്യമുള്ള സമൂഹം എന്ന സന്ദേശത്തോടെ സെപ്റ്റംബര്‍ 16 ന് ആരംഭിച്ച കാമ്പ്യയിൻ 2026 മാര്‍ച്ച് എട്ട് വരെ നീണ്ടുനിൽക്കും. ആഴ്ചയിലൊരിക്കൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്ലിനിക്കുകൾ, ആഴ്ചയിൽ മൂന്ന് ദിവസം അയൽക്കൂട്ട തലത്തിൽ പരിശോധനകൾ, വിദഗ്ധ പരിശോധനാ ക്യാമ്പുകൾ, ബോധവത്കരണം എന്നിവയാണ് പദ്ധതിയുടെ പ്രധാന പ്രവര്‍ത്തനങ്ങൾ.
ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സേവനങ്ങളും പരിശോധനകളും ഉറപ്പാക്കുന്നതിന് പുറമെ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യവും സുസ്ഥിരതയും സംബന്ധിച്ച ബോധവത്കരണവും സ്ത്രീ പദ്ധതിയുടെ ലക്ഷ്യമാണ്. എല്ലാ ചൊവ്വാഴ്ചയും രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ആരോഗ്യ കേന്ദ്രങ്ങളിലെ സ്ത്രീ ക്ലിനിക്കുകൾ പ്രവര്‍ത്തിക്കുക. സ്ത്രീകളുടെ വിളര്‍ച്ച, പ്രമേഹം, രക്തസമ്മര്‍ദം, വായിലെ ക്യാൻസര്‍, ഗര്‍ഭാശയഗള ക്യാൻസര്‍ ഉൾപ്പെടെ 10 തരം പരിശോധനകൾ, ഗര്‍ഭിണികൾക്കുള്ള ഫോളിക് ആസിഡ്, അയൺ, കാത്സ്യം ഗുളികകൾ ഉൾപ്പെടെ 36 തരം മരുന്നുകൾ, കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെയ്പ്പുകൾ, ഗര്‍ഭകാല പരിചരണം, മുലയൂട്ടൽ, അസാധാരണ രക്തസ്രാവം, ആര്‍ത്തവ വിരാമം തുടങ്ങിയവയ്ക്ക് ആവശ്യമായ പരിചരണം തുടങ്ങിയവ പദ്ധതിയിലൂടെ ലഭിക്കും.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയായിരിക്കും അയൽക്കൂട്ടങ്ങളിൽ സ്ക്രീനിങ് നടക്കുക. വനിതാദിനമായ 2026 മാര്‍ച്ച് എട്ടിനകം സംസ്ഥാനത്തെ എല്ലാ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പരിശോധനകൾ പൂര്‍ത്തിയാക്കാനാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. ജൂനിയര്‍ പബ്ലിക് ഹെൽത്ത് നഴ്സ്, ജൂനിയര്‍ ഹെൽത്ത് ഇൻസ്‍പെക്ടര്‍, നഴ്സ് എന്നിവര്‍ പരിശോധനകൾക്ക് നേതൃത്വം നൽകും. ജനകീയ ആരോഗ്യ കേന്ദ്രം ടീം അംഗങ്ങളുടെ നേതൃത്വത്തിൽ പ്രദേശത്തെ എല്ലാ സ്ത്രീകൾക്കും എത്തിച്ചേരാൻ കഴിയുന്ന സ്ഥലത്തായിരിക്കും ക്ലിനിക്ക് സംഘടിപ്പിക്കുന്നത്.
പൊതുവായ ശാരീരിക പരിശോധനയ്ക്ക് പുറമെ രോഗലക്ഷണങ്ങൾ ഉള്ളവർക്ക് ടി.ബി സ്ക്രിനിങ്, ഉയരം, ഭാരം, ബിഎംഐ, രക്തസമ്മർദ്ദ പരിശോധനകൾ, ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള പ്രതിരോധ കുത്തിവെപ്പുകൾ, ജി.ആർ.ബി.എസ് പരിശോധന, ഹീമോഗ്ലോബിൻ പരിശോധന, ഓറൽ ക്യാൻസർ സ്തനാർബുദ സ്ക്രീനിങ്, സ്ത്രീകളുടെ മറ്റ് ശാരീരിക-മാനസിക- ആരോഗ്യ സംബന്ധമായ വിഷയങ്ങൾ അടിസ്ഥാനമാക്കി ബോധവത്കരണം എന്നിവയും നടക്കും. തുടര്‍പരിശോധനയും ചികിത്സയും ആവശ്യമുള്ളവര്‍ക്ക് ആരോഗ്യ കേന്ദ്രങ്ങൾ മുഖേന കൂടുതൽ സേവനങ്ങൾ ലഭ്യമാക്കും. ഇതിനായി ആഴ്ചയിലൊരിക്കൽ ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഡെന്റൽ, ഫിസിയാട്രി തുടങ്ങിയ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. കൂടാതെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകമായി ലഭിക്കുന്ന സേവനങ്ങളെക്കുറിച്ച് ബോധവത്കരണവും പദ്ധിതിയുടെ ഭാഗമായി ഉറപ്പാക്കും.
- Log in to post comments