Skip to main content

ഐക്യദാർഢ്യ പക്ഷാചരണം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

പട്ടികജാതി പിന്നാക്ക വികസന വകുപ്പ് നടത്തിയ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ റെസിഡൻഷ്യൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. ടി എസ് താഹ നിർവഹിച്ചു. 

പിന്നാക്ക അവസ്ഥയിലുള്ള പട്ടികജാതി വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്തി അവരെ മുഖ്യധാരയിലേക്ക് എത്തിച്ച് കാലത്തിന്റെ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ പ്രാപ്തരായ ജനസമൂഹമാക്കി മാറ്റുക എന്നതാണ് സാമൂഹ്യ ഐക്യദാർഢ്യത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ,ബ്ലോക്ക്,ഗ്രാമ പഞ്ചായത്ത് തല പരിപാടികളും സംഘടിപ്പിച്ചു വരുന്നു. 'കുതിച്ചുയരാം അറിവിലേയ്ക്കും തൊഴിലിലേയ്ക്കും' എന്നതാണ് ഈ വർഷത്തെ സന്ദേശം. 

ചടങ്ങിൽ ജില്ലാ പട്ടികജാതി വികസന ഓഫീസർ ടി എസ് അജിമോൻ അധ്യക്ഷനായി. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സുദീപ് കുമാർ, അമ്പലപ്പുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ കെ പി പ്രീത, ഭരണിക്കാവ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ആർ രാജേഷ്,  ജില്ലാ ഉപദേശക സമിതി അംഗം കെ രവീന്ദ്രൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു.

date