അമ്പലപ്പുഴ മണ്ഡലത്തിലെ മുഴുവൻ റോഡുകളും ബി.എം ആൻഡ് ബി.സി നിലവാരത്തിൽ: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
മണ്ഡലത്തിലെ 46 റോഡുകൾ തുറന്നു കൊടുത്തു
മുഴുവൻ റോഡുകളും ബി.എം ആൻഡ് ബി.സി നിലവാരത്തിലുള്ള മണ്ഡലമാണ് അമ്പലപ്പുഴ എന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മണ്ഡലത്തിൽ 33 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച 32 ഗ്രാമീണ റോഡുകളുടെയും 14 നഗര റോഡുകളുടെയും ഉദ്ഘാടനം അമ്പലപ്പുഴ മണ്ഡലം വികസന മഹോത്സവത്തിന്റെ ഭാഗമായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
2021ൽ പിണറായി സർക്കാർ അധികാരത്തിൽ വരുമ്പോൾ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ 50 ശതമാനം റോഡുകളും ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നിർമ്മിക്കണം എന്നതായിരുന്നു ലക്ഷ്യം. സർക്കാർ നാലുവർഷം പൂർത്തീകരിച്ചപ്പോൾ തന്നെ സംസ്ഥാനത്തെ 60 ശതമാനം റോഡുകളും ഈ നിലവാരത്തിലേക്ക് ഉയർത്തി. രാജ്യത്തെ റോഡ് നിർമ്മാണ രീതികളിൽ ഉയർന്ന നിലവാരം പുലർത്തുന്ന ബിഎം ആൻഡ് ബി സി രീതി കാലങ്ങളോളം നിലനിൽക്കുന്നതാണ് എന്നത് കേരളത്തിന്റെ അനുഭവമാണെന്നും മന്ത്രി പറഞ്ഞു. പാലം, റോഡ് എന്നിവയുടെ നിർമ്മാണത്തിന് നൂതന സാങ്കേതികവിദ്യകളാണ് നിലവിൽ ഉപയോഗിക്കുന്നത്. ഹരിത കെട്ടിട നിർമ്മാണ രീതികൾ വ്യാപകമാക്കിയതും, മലയോര ഹൈവേ, തീരദേശ ഹൈവേ തുടങ്ങി സമസ്ത മേഖലകളിലും മാറ്റങ്ങളിലൂടെ വികസന പ്രവർത്തനങ്ങൾ നടത്താനായത് ജനങ്ങളെ ചേർത്തുപിടിച്ചുള്ള സർക്കാരിന്റെ ഇടപെടൽ മൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അമ്പലപ്പുഴ കട്ടക്കുഴിയിൽ നടന്ന ചടങ്ങിൽ എച്ച് സലാം എം എൽ എ അധ്യക്ഷനായി.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശോഭ ബാലൻ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ഹാരിസ്, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ജി സൈറസ് സ്വാഗതസംഘം കൺവീനർ എ ഓമനക്കുട്ടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനിത ടീച്ചർ, ഗ്രാമപഞ്ചായത്ത് അംഗം സി ശ്രീകുമാർ , പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ റീജോ തോമസ് മാത്യു, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗൗരി കാർത്തിക, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments