*തെക്കേക്കര വില്ലേജ് പരിധിയിൽ ഡിജിറ്റല്‍ റീസര്‍വെ പൂർത്തിയായി*
മാവേലിക്കര താലൂക്കിലെ തെക്കേക്കര വില്ലേജ് പരിധിയിൽ ഡിജിറ്റല്‍ റീസര്‍വെ കേരള സര്‍വെയും അതിരടയാളവും ആക്റ്റ് 9 (1) പ്രകാരം പൂര്‍ത്തിയായി. ഇപ്രകാരം തയ്യാറാക്കിയിട്ടുള്ള സര്‍വ്വെ റിക്കാര്‍ഡുകള്‍ എന്റെ ഭൂമി പോര്‍ട്ടലിലും കുറത്തിക്കാട്, തെക്കേക്കര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ച് വരുന്ന ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭൂവുടമസ്ഥര്‍ക്ക് http//entebhoomi.kerala.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് തങ്ങളുടെ ഭൂമിയുടെ രേഖകള്‍ ഓണ്‍ലൈനായും പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസ് സമയത്ത് ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസില്‍ സജ്ജീകരിച്ചിട്ടുള്ള സംവിധാനം പ്രയോജനപ്പെടുത്തിയും റിക്കാര്‍ഡുകള്‍ പരിശോധിക്കാം.
സര്‍വെ റിക്കാര്ഡുകളിൻമേൽ ആക്ഷേപമുള്ള പക്ഷം 30 ദിവസങ്ങള്‍ക്കകം കുട്ടനാട് റീസര്‍വെ സൂപ്രണ്ടിന് (കുറത്തിക്കാട്, തെക്കേക്കര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ച് വരുന്ന ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ആഫീസ്) ഫോറം 160 ല്‍ നേരിട്ടോ എന്റെ ഭൂമി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായോ അപ്പീല്‍ സമര്‍പ്പിക്കാം. നിശ്ചിത ദിവസങ്ങള്‍ക്കകം അപ്പീല്‍ സമര്‍പ്പിക്കാത്ത പക്ഷം റീസര്‍വെ റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ഉടമസ്ഥരുടെ പേരു വിവരം, അതിരുകള്‍, വിസ്തീര്‍ണ്ണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് സർവെ അതിരടയാള നിയമം വകുപ്പ് (13) അനുസരിച്ചുള്ള ഫൈനല്‍ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തി റിക്കാര്‍ഡുകള്‍ അന്തിമമാക്കും. സര്‍വെ സമയത്ത് തര്‍ക്കം ഉന്നയിച്ച് സര്‍വെ അതിരടയാള നിയമം വകുപ്പ് (10) - ഉപവകുപ്പ് (2) പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂവുടമകള്‍ക്ക് ഈ അറിയിപ്പ് ബാധകമായിരിക്കുന്നതല്ല.
- Log in to post comments