*രോഗപ്രതിരോധ മുന്നൊരുക്കം: വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു*
ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രോഗപ്രതിരോധ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു. കുഷ്ഠ രോഗ നിര്‍മ്മാര്‍ജ്ജന യജ്ഞമായ അശ്വമേധം ക്യാമ്പയിന്, മഹാമാരി പ്രതിരോധ മുന്നൊരുക്കം, സാര്‍വത്രിക പാലിയേറ്റിവ് പരിചരണ പദ്ധതി, ജില്ലാ ക്യാന്‍സര്‍ കെയര്‍ കമ്മറ്റി, ഹെല്‍ത്തി ലൈഫ് ക്യാമ്പയിന് ഏകോപന സമിതി യോഗങ്ങള്‍ ചേര്‍ന്നു. പൊതുജനങ്ങളില്‍ ആരോഗ്യബോധം വളര്‍ത്തി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്കി മഹാമാരി സാധ്യതകള്‍ തടയുകയുമാണ് ലക്ഷ്യം.
അശ്വമേധം ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ കുഷ്ഠ രോഗ സാധ്യതകള്‍ കണ്ടെത്താന്‍ ജനുവരി ഏഴ് മുതല്‍ 20 വരെ എല്ലാ വീടുകളിലും ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കും. പ്രത്യേക പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ടീമുകളാണ് വീടുകള്‍ സന്ദര്‍ശിച്ച് ചര്‍മ്മ പരിശോധന നടത്തുക. ജില്ലയില്‍ നിലവില്‍ 16 കുഷ്ഠ രോഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗൃഹസന്ദര്‍ശനത്തില്‍ ഉന്നതികളും വിദൂര പ്രദശങ്ങള്ക്കും മുന്‍ഗണന നല്‍കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ക്യാമ്പയിനിലൂടെ കുഷ്ഠരോഗ കേസുകള്‍ നേരത്തേ കണ്ടെത്തി കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനമാണ് ലക്ഷ്യമാക്കുന്നത്.
ക്യാന്‍സര്‍ രോഗികളുടെ എണ്ണം കുറയ്ക്കുന്നതിന് പ്രാഥമികാരോഗ്യ കേന്ദ്രീകൃത സ്ക്രീനിങ് ശക്തിപ്പെടുത്തല്‍, റഫറല്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തല്‍, പാലിയേറ്റീവ് കെയര്‍ വികസിപ്പിക്കല്‍, ബോധവത്കരണ പരിപാടികള്നടപ്പാക്കല് എന്നിവയ്ക്ക വകുപ്പ് നേതൃത്വം നല്‍കും. ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി പുകയില-ലഹരി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, പട്ടികവര്‍ഗ്ഗ മേഖലകളില്‍ ഔട്ട്റീച്ച് ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കും. ജില്ലയുടെ സമ്പൂര്‍ണ്ണ സാമൂഹ്യാധിഷ്ഠിത പുകയില ലഹരി മുക്ത പരിപാടിയായ തുടി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും.
കിടപ്പുരോഗികള്‍ക്ക് സമയബന്ധിതവും ഗുണനിലവാരമുള്ള പരിചരണം ഉറപ്പാക്കുന്ന സാര്‍വത്രിക പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഭാഗമായി കേരള കെയര്‍ പാലിയേറ്റീവ് ഗ്രിഡ് പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. വിവിധ തലങ്ങളിലായി സര്‍ക്കാറും സന്നദ്ധ സംഘങ്ങളും സംയുക്തമായി നടപ്പാക്കുന്ന പരിചരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ഏകോപിപ്പിക്കാന്‍ കൂടുതല്‍ പാലിയേറ്റീവ് സേവനങ്ങള്‍ ആവശ്യമാണെന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്തു.
മഹാമാരി മുന്നൊരുക്കത്തിന്റെ ഭാഗമായി മനുഷ്യ-മൃഗാരോഗ്യം, പരിസ്ഥിതി, സമൂഹ പങ്കാളിത്തം എന്നിവ സംയോജിപ്പിക്കുന്ന ഏകാരോഗ്യ സമീപനത്തെ അടിസ്ഥാനമാക്കിയാണ് പദ്ധതികള്‍ രൂപപ്പെടുത്തുക. അപകടസാധ്യത വിലയിരുത്തല്‍, ശക്തമായ നിരീക്ഷണം, മുന്നറിയിപ്പ്, പ്രതികരണം, ആരോഗ്യ സംവിധാന സേവനങ്ങള്‍, വകുപ്പുകളുടെ ഏകോപനം, ആശയവിനിമയം എന്നിവ ഉറപ്പാക്കും.
ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് പൊതുജനങ്ങളെ പരിവര്‍ത്തനം ചെയ്യുകയെന്ന് ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഹെല്‍ത്തി ലൈഫ് ക്യാമ്പയിന് ജില്ലയില്‍ ജനുവരി ഒന്നിന് തുടക്കമാവും. ക്യാമ്പയിനിന്റെ പ്രിലോഞ്ചിങ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 27 ന് ജില്ലയില്‍ ആരംഭിക്കും. കളക്ടറേറ്റ് ആസൂത്രണ ഭവന് പഴശ്ശി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആന്‍സി മേരി ജേക്കബ്, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ആര്യ വിജയകുമാര്‍, ജില്ലാ ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ പി.എസ് സുഷമ, ജില്ലാ എന്‍.സി.ഡി നോഡല്‍ ഓഫീസര്‍ ഡോ. കെ.ആര് ദീപ, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ. എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.എം ഫസല്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് വി. സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments