Skip to main content

*കണിച്ചുകുളങ്ങര ഉത്സവം; എല്ലാ സർക്കാർ വകുപ്പുകളുടെയും കൃത്യമായ ഏകോപനം ഉറപ്പാക്കിയിട്ടുണ്ടെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ*

കണിച്ചുകുളങ്ങര ക്ഷേത്ര ഉത്സവത്തിന്‌ എല്ലാ സർക്കാർ വകുപ്പുകളുടെയും കൃത്യമായ ഏകോപനം ഉറപ്പാക്കിയിട്ടുണ്ടെന്ന്   പി.പി. ചിത്തരഞ്ജൻ എം.എൽ.എ.

 കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം ജനുവരി 27 മുതൽ ഫെബ്രുവരി 16 വരെ നടക്കും. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി പി.പി. ചിത്തരഞ്ജൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി.

ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി 300 അധിക പൊലീസുകാരെ നിയോഗിച്ച് 24 മണിക്കൂർ നിരീക്ഷണം ഏർപ്പെടുത്തും. കൂടാതെ, വ്യാജമദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും തടയുന്നതിനായി എക്സൈസ് വിഭാഗം പരിശോധനകൾ ശക്തമാക്കും.

ചിക്കരക്കുട്ടികൾ താമസിക്കുന്ന മുറികളിലെ ഗ്യാസ് സിലിണ്ടർ ഉപയോഗത്തിന് ഫയർ ഫോഴ്സ് കർശന സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. വെടിക്കെട്ട് ദിവസങ്ങളിൽ അതീവ ജാഗ്രത പാലിക്കാനും പരിശോധനകൾ നടത്താനും തീരുമാനിച്ചു. പൊതുജനാരോഗ്യത്തിനായി ആയുർവേദം, അലോപ്പതി, ഹോമിയോപ്പതി സേവനങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം ചിക്കര മുറികളിൽ ആരോഗ്യ പ്രവർത്തകർ സന്ദർശനം നടത്തി നിർദ്ദേശങ്ങൾ നൽകും. ക്ഷേത്രപരിസരത്തെ കിണറുകൾ ക്ലോറിനേറ്റ് ചെയ്യാനും ഭക്ഷണശാലകളിൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കാനും യോഗം തീരുമാനിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സ്ക്വാഡുകൾ ഉത്സവ ദിവസങ്ങളിൽ സജീവമായിരിക്കും.

ശുചിത്വ പരിപാലനത്തിനായി ഹരിതകർമ്മ സേനയുടെ സഹകരണത്തോടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യും. മാലിന്യങ്ങൾ തരംതിരിച്ച് നീക്കം ചെയ്യാൻ പഞ്ചായത്ത്‌ ക്രമീകരണങ്ങൾ ഏർപ്പെടുത്തും, പൊതുമരാമത്ത് വകുപ്പ് ഓടകളുടെ ശുചീകരണം ഉടൻ പൂർത്തിയാക്കും. 

ചടങ്ങിൽ എ.ഡി.എം ആശാ സി എബ്രഹാം, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മണി തമ്പാൻ, മാരാരിക്കുളം വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സി എച്ച് രമ്യ, ദേവസ്വം  മാനേജർ മുരുകൻ പെരങ്കൽ, ദേവസ്വം ഖജാൻജി സ്വാമിനാഥൻ ചള്ളിയിൽ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date