*കുഷ്ഠരോഗം കണ്ടെത്തുന്നതിൽ സ്വയം പരിശോധനയക്ക് വലിയ പങ്ക്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ*
*കുഷ്ഠരോഗം നിവാരണം: അശ്വമേധം 7.0 ഭവന സന്ദർശന പരിപാടിക്ക് ജില്ലയിൽ തുടക്കം.
കുഷ്ഠരോഗം കണ്ടെത്തുന്നതിൽ സ്വയം പരിശോധനയക്ക് വലിയ പങ്കുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ പറഞ്ഞു. കുഷ്ഠരോഗ നിർണ്ണയ ഭവന സന്ദർശന പരിപാടിയായ ആശ്വമേധം 7.0 യുടെ ജില്ലാതല ഉദ്ഘാടനം നൂറനാട് ലെപ്രസി സാനിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭവന സന്ദർശനത്തിനെത്തുന്ന സന്നദ്ധപ്രവർത്തകരോടു സഹകരിച്ച് ‘പാടുകൾ നോക്കാം, ആരോഗ്യം കാക്കാം’ എന്ന ഭവന സന്ദർശന പരിപാടിയുടെ സന്ദേശം പ്രാവർത്തികമാക്കാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ലോക എ.എം.ആർ. വാരാചരണം, ലോക എയിഡ്സ് ദിനാചരണം എന്നിവയുടെ ഭാഗമായി ആരോഗ്യവകുപ്പ് ജില്ലാതലത്തിൽ നടത്തിയ വിവിധ മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും പരിപാടിയിൽ വിതരണം ചെയ്തു.
കുഷ്ഠരോഗം നിവാരണമെന്ന ലക്ഷ്യത്തോടെ സമൂഹത്തിൽ ഒളിഞ്ഞിരിക്കുന്ന കുഷ്ഠരോഗം കണ്ടെത്തുന്നതിന് ജനുവരി 20 വരെയാണ് ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ അശ്വമേധം 7.0 കാമ്പയിൻ സംഘടിപ്പിക്കുന്നത്. ഭവൻ സന്ദർശന പരിപാടിയുടെ ഭാഗമായി ജില്ലയിൽ 3914 സന്നദ്ധപ്രവർത്തകർ 608769 വീടുകൾ സന്ദർശിച്ച് കുഷ്ഠരോഗ നിർണ്ണയം നടത്തും. കാമ്പയിനിന്റെ ഭാഗമായി വിപൂലമായ ബോധവത്കരണ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. ജില്ലാ ഭരണ കൂടത്തിന്റെ സഹകരണത്തോടെ, വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, അങ്കണവാടികൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തും.
ചടങ്ങിൽ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അനു അധ്യക്ഷയായി. കാമ്പയിൻ പോസ്റ്റർ പ്രകാശനം മാവേലിക്കര-താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് ഷീജാദേവി നിർവഹിച്ചു. ഗ്രാപഞ്ചായത്തംഗം ശ്രീകുമാർ അളകനന്ദ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. എം അനന്ത്, ഡോ. വിപിൻ കെ രവി, ജില്ലാ ഡെപ്യൂട്ടി എജ്യൂക്കേഷൻ മീഡിയ ഓഫിസർമാരായ ഡോ. ഐ ചിത്ര, ഡോ. ആർ സേതുനാഥ്, മറ്റു ജില്ലാതല ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, നേഴ്സിംഗ് വിദ്യാർഥികൾ, ലെപ്രസി സാനിറ്റോറിയത്തിലെ അന്തേവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments