ആരോഗ്യ വായനാപ്രശ്നോത്തരി മത്സരം 24 ന്
ആരോഗ്യ കുടുംബക്ഷേമ വകുപ്പും ജില്ലാ ലൈബ്രറി കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന 'അറിവ് നിറവ് ആരോഗ്യം ആനന്ദം' ആരോഗ്യ വായനാപ്രശ്നോത്തരി മത്സരത്തിലേക്ക് രജിസ്റ്റർ ചെയ്യാം.
ജില്ലയിലെ സർക്കാർ/ എയ്ഡഡ് /അൺ എയ്ഡഡ് സ്‌കൂളുകളിലെ യു.പി. വിഭാഗത്തിൽ (ക്ലാസ് 5,6,7) പഠിക്കുന്ന വിദ്യാർഥികൾക്ക് അവരുടെ ഒരു രക്ഷിതാവിനോടൊപ്പം (അച്ഛനോ അമ്മയോ) ഒരു ടീം ആയി മത്സരത്തിൽ പങ്കെടുക്കാം. ഒരുസ്‌കൂളിൽ നിന്നും എത്ര ടീമുകൾക്ക് വേണമെങ്കിലും മത്സരത്തിന് രജിസ്റ്റർ ചെയ്യാം. ജനുവരി 24 ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിലാണ് മത്സരം. ആദ്യ മൂന്ന് സ്ഥാനത്തെത്തുന്ന ടീമുകൾക്ക് 3000, 2000, 1000 രൂപ എന്നിങ്ങനെ ധനസമ്മാനം ലഭിക്കും. പങ്കെടുക്കാൻ കൂടുതൽ ടീമുകൾ രജിസ്റ്റർ ചെയ്യുകയാണെങ്കിൽ ഓൺലൈനായി പ്രാഥമികതല മത്സരം നടത്തി അതിൽ നിന്നും തിരഞ്ഞെടുക്കുന്ന ടീമുകൾക്കാകും പ്രസ്‌തുത മത്സരത്തിൽ പങ്കെടുക്കാൻ അർഹത.
ജില്ലാ ലൈബ്രറി കൗൺസിൽ ഈ വർഷം യു.പി. സ്‌കൂൾ വിദ്യാർഥികൾക്കായി ജില്ലാതലത്തിൽ സംഘടിപ്പിച്ച വായന മത്സരത്തിനായി തിരഞ്ഞെടുത്തതും ഇപ്പോൾ ജില്ലയിലെ ലൈബ്രറികളിൽ ലഭ്യമായിട്ടുള്ളതും ആരോഗ്യ സംബന്ധിയായ വിവിധ ലേഖനങ്ങളുടെ സമാഹാരവുമായ ഡോ. വട്ടവിള വിജയകുമാർ രചിച്ച 'മഷിപ്പേനയിലേയ്ക്ക് മടങ്ങാം' എന്ന പുസ്‌തകത്തിൽ നിന്നായിരിക്കും മത്സരത്തിൻ്റെ 70 ശതമാനം ചോദ്യങ്ങളും. ഈ പുസ്‌തകം മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് വായിക്കുവാനായി ലഭ്യമാക്കാനുള്ള നിർദ്ദേശം ജില്ലയിലെ ലൈബ്രറികൾക്ക് നൽകിയിട്ടുണ്ട്. 30 ശതമാനം ചോദ്യങ്ങൾ പകർച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട സമകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും. പങ്കെടുക്കാൻ താൽപ്പര്യമുള്ള വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ക്യൂ ആർ കോഡ് വഴി ജനുവരി 17 വരെ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് ഫോൺ: 8848618331.
- Log in to post comments