*അത്യാധുനിക സൗകര്യങ്ങളോടെ മാവേലിക്കര ജില്ലാ ആശുപത്രി കെട്ടിടം ഒരുങ്ങുന്നു*
*85 ശതമാനം നിർമ്മാണം പൂർത്തിയായി
*കിഫ്ബി വഴി 132 കോടി രൂപ ചെലവിലാണ് നിർമാണം
അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന മാവേലിക്കര ജില്ലാ ആശുപത്രി പുതിയ കെട്ടിടത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ. നിലവിൽ 85 ശതമാനം നിർമ്മാണ പ്രവർത്തികളും പൂർത്തിയായി. മാവേലിക്കര പുതിയകാവ് ജങ്ഷനും കരയംവെട്ടം ജങ്ഷനുമിടയിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 132 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മിക്കുന്നത്. ഏഴ് നിലകളിലായി രണ്ട് ലക്ഷത്തി ഇരുപതിനായിരം ചതുരശ്രയടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന ആശുപത്രിയിൽ പൊതുജനങ്ങൾക്ക് ഉന്നത നിലവാരത്തിലുള്ള ചികിത്സ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ആശുപത്രി നിർമ്മാണം പൂർത്തിയാകുന്നതോടെ മാവേലിക്കരയുടെ ആരോഗ്യരംഗത്ത് വലിയ മാറ്റം സൃഷ്ടിക്കാൻ സാധിക്കുമെന്ന് എം എസ് അരുൺകുമാർ എംഎൽഎ പറഞ്ഞു.
അത്യാഹിത വിഭാഗം, സിടി സ്കാൻ, റേഡിയോളജി വിഭാഗം, വിശാലമായ ഫാർമസി, മോഡുലാർ ഒ പി വിഭാഗങ്ങൾ എന്നിവയും 90 അടിയന്തിര ചികിത്സ കിടക്കകൾ ഉൾപ്പെടെ 325 ഓളം പുതിയ കിടക്കകളും സജ്ജീകരിക്കും. ആദ്യ ഘട്ടത്തിൽ ഏഴ് ശസ്ത്രക്രിയ മുറികൾ, ആധുനിക ബ്ലഡ് സെന്റർ, ലാബ്, 'ലക്ഷ്യ' (ലേബർ റൂം ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനീഷ്യേറ്റീവ്) നിലവാരത്തിലുള്ള പ്രസവ മുറികൾ, നവജാത ശിശു പരിചരണ വിഭാഗം തുടങ്ങിയവ പ്രധാന കെട്ടിടത്തിൽ ഉൾപ്പെടുന്നു.
കേന്ദ്രീകൃത ഓക്സിജൻ വിതരണം, കേന്ദ്രീകൃത ശീതീകരണം, ആധുനിക രീതിയിലുള്ള അണുനാശക സംവിധാനം, രണ്ട് ജനറേറ്റർ, അഗ്നിശമന സംവിധാനങ്ങൾ, ദ്രവ മാലിന്യ സംസ്കരണം തുടങ്ങിയ സംവിധാനങ്ങളും കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. പുതിയ കെട്ടിടം പ്രവർത്തനക്ഷമമാകുന്നതോടെ മാവേലിക്കരയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനം ലഭ്യമാക്കാനാവും.
- Log in to post comments