Skip to main content

പുഞ്ചകൃഷിലെ ബ്ലാസ്റ്റ് രോഗബാധ: കര്‍ഷകര്‍ക്ക് നിർദ്ദേശങ്ങളുമായി കീടനിരീക്ഷണ കേന്ദ്രം

പുഞ്ചകൃഷിലെ ബ്ലാസ്റ്റ് രോഗബാധയ്ക്കും മുഞ്ഞയുടെ സാന്നിദ്ധ്യത്തിനും കര്‍ഷകര്‍ക്ക് പരിഹാര നിർദ്ദേശങ്ങളുമായി സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം.

പുന്നപ്ര, ചെന്നിത്തല, മാന്നാര്‍, ചാരുംമൂട്, തലവടി, ചമ്പക്കുളം എന്നീ കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന വിതച്ച് 25 മുതല്‍ 65 ദിവസം വരെ പ്രായമായ വിവിധ പാടശേഖരങ്ങളിലായി ഏകദേശം 60 ഹെക്ടര്‍ സ്ഥലത്ത് 'ബ്ലാസ്റ്റ് രോഗ ലക്ഷണങ്ങള്‍ കാണുന്നു. മനുരത്‌ന, പൗര്‍ണ്ണമി ഇനങ്ങളിലാണ് രോഗലക്ഷണങ്ങള്‍   കൂടുതലായി കാണുന്നത്. ആറ് മണിക്കൂറില്‍ അധികം നെല്ലോലയില്‍ ഈര്‍പ്പം തങ്ങിനില്‍ക്കുന്ന സാഹചര്യത്തിലാണ് രോഗബാധയും രോഗവ്യാപനവും കൂടുതലാകുന്നത്. നൈട്രജന്‍ വളപ്രയോഗം അധികരിക്കുന്നതും നിലത്തില്‍ തീരെ വെള്ളമില്ലാത്ത സാഹചര്യവും രോഗബാധ കൂടുന്നതിന് കാരണമാകും.  'ബ്ലാസ്റ്റ് രോഗബാധ തന്നെയാണെന്ന് ഉറപ്പാക്കിയതിനുശേഷം അനുയോജ്യമായ കുമിള്‍നാശിനി തളിക്കുക വഴി രോഗബാധ നിയന്ത്രിക്കാം എന്ന്  കീടനിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു.

കുമിള്‍നാശിനി പ്രയോഗത്തിന് ശേഷം പുതുതായി വരുന്ന ഇലകളില്‍ രോഗലക്ഷണങ്ങള്‍ ഇല്ലായെന്ന് ഉറപ്പാക്കണം.

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലാണ് കുട്ടനാട്ടില്‍ മുഞ്ഞയുടെ സാന്നിദ്ധ്യം കൂടുതലായി കാണുന്നത്. പാടശേഖരങ്ങളില്‍ നടത്തുന്ന മുന്‍കൂര്‍ കീടനാശിനി പ്രയോഗങ്ങള്‍ പലപ്പോഴും പിന്നീട് മുഞ്ഞയുടെ ആക്രമണത്തിന് കാരണമാകാറുണ്ട്. അതിനാല്‍ ഇലപ്പേന്‍, ചാഴി  മുതലായ കീടങ്ങള്‍ക്കെതിരെ കീടനാശിനി പ്രയോഗം  നടത്തുന്നതിന് മുന്‍പ് കര്‍ഷകര്‍ നിര്‍ബന്ധമായും സാങ്കേതിക നിര്‍ദ്ദേശം സ്വീകരിക്കണം.
കീടരോഗബാധകള്‍ സംബന്ധിച്ച സംശയനിവാരണത്തിനും കൃഷിയിടം അടിയന്തരമായി സന്ദര്‍ശിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കിലും കര്‍ഷകര്‍ക്ക് സംസ്ഥാന കീടനിരീക്ഷണ കേന്ദ്രവുമായി  9383470697 എന്ന നമ്പറില്‍ ബന്ധപ്പെടാവുതാണ്.

date