*പാലിയേറ്റീവ് രംഗത്ത് കേരളം ലോകത്തിന് മാതൃക: പി പി ചിത്തരഞ്ജൻ എംഎൽഎ*
*പാലിയേറ്റീവ് സ്നേഹസംഗമം സംഘടിപ്പിച്ചു
പാലിയേറ്റീവ് കെയർ രംഗത്ത് കേരളം ലോകത്തിന് തന്നെ മികച്ച മാതൃകയാണെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. ലോക പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലാ പഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി തുമ്പോളി ബീച്ചിൽ സംഘടിപ്പിച്ച പാലിയേറ്റീവ് സ്നേഹസംഗമത്തിൽ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാർ ഈ മേഖലയ്ക്ക് നൽകുന്ന വലിയ പിന്തുണയും കരുതലുമാണ് കേരളത്തെ മുമ്പന്തിയിലെത്തിച്ചതെന്നും ലോക പാലിയേറ്റീവ് ദിനം ആഘോഷിക്കാൻ ഏറ്റവും അർഹതയുള്ള സംസ്ഥാനം നമ്മുടേതാണെന്നും അദ്ദേഹം പറഞ്ഞു.
'കരുതലോടെ കൈപിടിക്കാം, കൂടെയുണ്ടാകാം' എന്ന സന്ദേശമുയർത്തി നടത്തിയ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഭിന്നശേഷിക്കാരുടെ സ്റ്റാളുകൾ ഉദ്ഘാടനം ചെയ്തു.
രോഗാവസ്ഥയിൽ വീടിനുള്ളിൽ കഴിയുന്നവർക്ക് മാനസികോല്ലാസം പകരുക എന്ന ലക്ഷ്യത്തോടെ നടത്തിയ സംഗമത്തിൽ മാരാരിക്കുളം തെക്ക്, ആര്യാട്, മണ്ണഞ്ചേരി എന്നീ പഞ്ചായത്തുകളിലെയും, ആലപ്പുഴ നഗരസഭാ പരിധിയിലെയും നിരവധി ഭിന്നശേഷിക്കാർ പങ്കെടുത്തു. ഭിന്നശേഷി കലാപരിപാടികളും ഭക്ഷ്യകിറ്റ് വിതരണവും ചടങ്ങിന്റെ ഭാഗമായി നടന്നു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എസ് രാധാകൃഷ്ണൻ, അഡ്വ. ആർ രാഹുൽ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ റിയാസ്, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഡി അംബുജാക്ഷൻ, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ്തി അജയകുമാർ, ആലപ്പുഴ നഗരസഭാഗം പി വി ബനഡിക്ട്, ആര്യാട് ഗ്രാമപഞ്ചായത്തംഗം വി പി ബിന്ദു, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കോശി സി പണിക്കർ, ആലപ്പി ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് പ്രസിഡന്റ് ഷഫീക്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments