*ജില്ലാ കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്ത് ഇന്ന് സുല്‍ത്താന്‍ ബത്തേരിയില്‍ *
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പൊതുജന പരാതി പരിഹാര അദാലത്ത് ഇന്ന് (ജനുവരി 20 ന്) സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍. സുല്‍ത്താന്‍ ബത്തേരി നഗരസഭ ടൗണ്‍ ഹാളില്‍ രാവിലെ 10 മുതല്‍ ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും പൊതുജനങ്ങളെ നേരില്‍ കണ്ട് പ്രശ്‌നങ്ങളും പരാതികളും കേള്‍ക്കും. പൊഴുതന ഗ്രാമപഞ്ചായത്ത്തല അദാലത്ത് നാളെ (ജനുവരി 21) പൊഴുതന പഞ്ചായത്ത് ഹാളില്‍ രാവിലെ 10 മുതല്‍ നടക്കും.
പൊതുജനങ്ങള്‍ക്കിടയില്‍ അടിയന്തിരമായി തീര്‍പ്പാക്കേണ്ട പരാതികള്‍ക്ക് പരിഹാര നടപടികള്‍ സ്വീകരിക്കുകയാണ് ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പൊതുജന പരാതി പരിഹാരത്തിലൂടെ. പൊതുജനങ്ങളില്‍ നിന്ന് ഇതിനോടകം ലഭിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അയച്ചു നല്‍കി തുടര്‍നടപടി സ്വീകരിക്കും. സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍ എന്നിവ നല്‍കുന്നതിലെ കാലതാമസം, നിരസിക്കല്‍, കെട്ടിട നമ്പര്‍, നികുതി, വയോജന സംരക്ഷണം, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, ശാരീരിക/ ബുദ്ധി/ മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌ക്കരണം, പൊതു ജല സ്രോതസുകളുടെ സംരക്ഷണം, കുടിവെള്ളം, റേഷന്‍കാര്‍ഡ് (എപിഎല്‍/ബിപിഎല്‍-ചികിത്സാ ആവശ്യങ്ങള്‍ക്ക്), കര്‍ഷിക വിള ഇന്‍ഷുറന്‍സ്, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/ സഹായം, ഭക്ഷ്യ സുരക്ഷ, വ്യവസായ സംരംഭങ്ങള്‍ക്കുളള അനുമതി, ആരോഗ്യം, വനം-വന്യജീവി, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ച പരാതികള്‍/അപേക്ഷകള്‍, അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റല്‍, പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, പെന്‍ഷനുകള്‍/സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, തെരുവുനായ സംരക്ഷണം/ശല്യം, തെരുവു വിളക്കുകള്‍ തുടങ്ങിയവ സംബന്ധിച്ച അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്.
നിര്‍ദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍, പ്രൊപോസലുകള്‍, ലൈഫ് മിഷന്‍, ജോലി ആവശ്യപ്പെട്ടുള്ള /പി എസ് സി സംബന്ധമായ വിഷങ്ങളിലെ അപേക്ഷകള്‍, വായ്പ എഴുതിത്തള്ളല്‍, പൊലീസ് കേസുകള്‍, ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പട്ടയങ്ങള്‍, തരംമാറ്റം), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സഹായത്തിനുള്ള അപേക്ഷകള്‍ എന്നിവ സംബന്ധിച്ച അപേക്ഷകള്‍ അദാലത്തില്‍ പരിഗണിക്കില്ല.
- Log in to post comments