Skip to main content

*ഓടപ്പള്ളം ഗവ. ഹൈസ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ പരാതി പരിഹാര അദാലത്തില്‍ നടപടി*

 

വയനാട് പാക്കേജിലുള്‍പ്പെടുത്തി ഓടപ്പള്ളം ഗവ. ഹൈസ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഒരു കോടി നല്‍കാന്‍ ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തില്‍ നടപടിയായി. മാര്‍ച്ചില്‍ വയനാട് പാക്കേജില്‍ മുന്‍ഗണനയില്‍ ഓടപ്പള്ളം  ഗവ. ഹൈസ്‌കൂളിനെയും ചേനാട് ഗവ ഹൈസ്‌കൂളും ഉള്‍പ്പെടുത്താന്‍  ജില്ലാ കളക്ടര്‍ പ്ലാനിങ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ഓടപ്പള്ളം ഡിവിഷനില്‍ സ്ഥിതിചെയ്യുന്ന 40 വര്‍ഷത്തിലധികം പഴക്കമുള്ള ഓടപ്പള്ളം ഹൈസ്‌കൂളിന്  പുതിയ കെട്ടിടം നിര്‍മിക്കാനായി പലയിടങ്ങളില്‍ അപേക്ഷകള്‍ നല്‍കിയെങ്കിലും ഇക്കാലമത്രയും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല.  ഒന്നാം ക്ലാസ് മുതല്‍  പത്താം ക്ലാസ് വരെ 500 ലധികം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഇതില്‍  50 ശതമാനം ഗോത്രവിഭാഗം വിദ്യാര്‍ത്ഥികളാണ്. സംസ്ഥാനത്ത് മാതൃകാ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധ നേടിയ വിദ്യാലയമാണ് ഓടപ്പള്ളം ഗവ. ഹൈസ്‌കൂള്‍. കഴിഞ്ഞ വര്‍ഷം വിക്ടേഴ്‌സ് ചാനല്‍, വിദ്യാഭ്യാസ വകുപ്പ്, കൈറ്റ് എന്നിവ ചേര്‍ന്ന് നടത്തിയ ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയില്‍ സംസ്ഥാന തലത്തില്‍  ഒന്നാം സ്ഥാനം നേടിയതും ഇതേ സ്‌കൂളായിരുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിലായി വിദ്യാര്‍ത്ഥികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചെങ്കിലും, ആവശ്യത്തിന് ക്ലാസ് മുറികളുടെ അഭാവംമൂലം ലാബ്, ലൈബ്രറി, സ്‌കൂള്‍ മുറ്റത്തെ ഓപ്പണ്‍ തിയേറ്റര്‍ എന്നിവയിലിരുന്നാണ് പഠനം നടക്കുന്നത്. കളക്ടറുടെ പരാതി പരിഹാര അദാലത്തില്‍ മികച്ച നടപടി ലഭ്യമായതില്‍ ഏറെ സന്തോഷത്തിലാണ് ഡിവിഷന്‍ കൗണ്‍സിലര്‍ പ്രിയ വിനോദും പി.ടി.എ പ്രസിഡന്റ് എം. സി ശരത്തും. കുട്ടികള്‍ക്ക് ഇനി കൂടുതല്‍ സുരക്ഷിതവും സൗകര്യപ്രദവുമായി പഠനാന്തരീക്ഷം ഒരുക്കാന്‍ സാധിക്കുമെന്ന്  ആശ്വാസവും ഇവര്‍ പങ്കുവെച്ചു.

 

date