*മികവുത്സവം:* *ജില്ലയിൽ പരീക്ഷ എഴുതിയത് 2917 പേർ*
സാക്ഷരതാ മിഷൻ്റെ മികവുത്സവം സാക്ഷരതാ പരീക്ഷയിൽ ജില്ലയിൽ 2917 പേർ പരീക്ഷ എഴുതി. മികവുത്സവം ജില്ലാതല ഉദ്ഘാടനം തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ മൊട്ടമ്മൽ ഉന്നതിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. പരീക്ഷയെഴുതിയതിൽ 2336 വനിതകളും 581 പുരുഷൻമാരും ഉൾപ്പെടും. പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നും 487 പേരും പട്ടികജാതി വിഭാഗത്തിലെ 113 പേരും മികവുത്സവത്തിൽ പങ്കെടുത്തു.
ജില്ലയിലെ പ്രായം കൂടിയ പഠിതാവ് യാഹൂട്ടി (75) മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ അൻപതാം മൈൽ സാംസ്കാരിക നിലയത്തിൽ പരീക്ഷ എഴുതി. വിവിധ തദ്ദേശ സ്ഥാപന പരിധികളിലായി
119 മികവുത്സവ കേന്ദ്രങ്ങളാണ് ജില്ലയിൽ ഒരുക്കിയത്. പരീക്ഷ ഫലപ്രഖ്യാപനം ജനുവരി 31 ന് നടത്തി സാക്ഷരതാ സർട്ടിഫിക്കറ്റിന് അർഹരായവർക്ക് നാലാംതരം തുല്യതാ ക്ലാസിലേക്ക് പ്രവേശനം നൽകുമെന്ന് സാക്ഷരത മിഷൻ കോ ഓർഡിനേറ്റർ അറിയിച്ചു.
തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. എം പ്രമോദ് അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ,
തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി അധ്യക്ഷൻ ഷിൻ്റോ കല്ലിങ്കൽ, ഗ്രാമപഞ്ചായത്ത് അംഗം വി. ഹാരിസ്,
സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ പി പ്രശാന്ത് കുമാർ, മഹിളാസമഖ്യ ജില്ലാ കോ-ഓർഡിനേറ്റർ വി.ഡി അംബിക, സംസ്ഥാന സാക്ഷരതാ മിഷൻ പരീക്ഷാ നിരീക്ഷകൻ എം.പി സനൽ, ക്ലാസ് ലീഡർ ലയാ സനീഷ് , ബൈജു ഐസക് എന്നിവർ സംസാരിച്ചു.
- Log in to post comments