Skip to main content

*ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആർ കേളു*

ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയും സാഹോദര്യവും നിലനിർത്താൻ സംസ്ഥാന സർക്കാർ നടത്തുന്ന ഇടപെടലുകൾ അഭിമാനകരമാണെന്നും ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും പട്ടികജാതി -പട്ടികവർഗ്ഗ -പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. 77 -മത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയോടനുബന്ധിച്ച് കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരേഡിൽ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ കേരളം മുന്നിലാണെന്നും രാജ്യത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന വെല്ലുവിളികൾ തിരിച്ചറിഞ്ഞ് വികസന പ്രക്രിയകൾ നടപ്പാക്കാൻ ഫെഡറൽ സംവിധാനം നിലനിൽക്കണമെന്നും മന്ത്രി പറഞ്ഞു.  റിപ്പബ്ലിക്കായി 77 വർഷം പിന്നിടുമ്പോൾ ലോകോത്തര രാജ്യങ്ങളോടൊപ്പം മുന്നേറുകയാണ് രാജ്യം.

കാർഷിക രാജ്യമായ ഇന്ത്യയിൽ കർഷർ,  തൊഴിലാളികൾ, അടിസ്ഥാന ജനവിഭാഗങ്ങൾ  സമൂഹത്തിൽ മുന്നേറുകയാണ്. രാജ്യത്തെ ഇതര സംസ്ഥാനങ്ങളുടെ വികസന വളർച്ച  പരിശോധിച്ചാൽ കേരളം വിവിധ മേഖലകളിൽ അഭിമാനകരമായ നേട്ടങ്ങളാണ്  കൈവരിച്ചത്. പ്രളയം, പ്രകൃതി ദുരന്തം തുടങ്ങിയ പ്രതിസന്ധികൾ  അതിജീവിച്ച  കേരളം മാതൃകയാണ്. മുണ്ടക്കൈ- ചൂരൽമല ദുരന്തം അതിജീവിക്കാൻ സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും മികവുറ്റ പ്രവർത്തനങ്ങളാണ് നടത്തിയത്.

ജില്ല നേരിടുന്ന യാത്ര പ്രയാസത്തിന് പരിഹാരമായി തുരങ്കപാത നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
വിദ്യാഭ്യാസ- ആരോഗ്യ- ദാരിദ്ര്യ ലഘൂകരണ രംഗങ്ങളിൽ മികച്ച നേട്ടങ്ങൾ സൃഷ്ടിച്ച് മാതൃകയാവുകയാണ് സംസ്ഥാനം.
ഫാദർ ടെസ്സ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളുടെ ഡാൻസ്, പുൽപ്പള്ളി കൃപാലയ സ്പെഷ്യൽ സ്കൂൾ  വിദ്യാർത്ഥികളുടെ ബാൻഡ്സെറ്റ്, കണിയാമ്പറ്റ ചിൽഡ്രൻസ് ഹോം വിദ്യാർത്ഥികളുടെ നാടൻപാട്ട് എന്നിവ  റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.  എം.എൽ.എ ടി.സിദ്ദീഖ്, പത്മശ്രീ ചെറുവയൽ രാമൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടര്‍ ഡി.ആർ മേഘശ്രീ, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി,എ.ഡി.എം എം.ജെ അഗസ്റ്റിൻ, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ഡെപ്യൂട്ടി കളക്ടർമാരായ കെ. മനോജ് കുമാര്‍, എം.കെ ഇന്ദു, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.വി മൻമോഹൻ, തഹസിൽദാർമാർ, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

date