പത്മശ്രീ ദേവകിയമ്മ ആലപ്പുഴയുടെ അഭിമാനം: ജില്ലാ കളക്ടർ
*പത്മശ്രീ ജേതാവ് കൊല്ലകൽ ദേവകിയമ്മയെ ആദരിച്ചു
പത്മശ്രീ എന്ന ശ്രേഷ്ഠ പുരസ്കാരം ദേവകിയമ്മയിലൂടെ ജില്ലയിലെത്തിയത് ആലപ്പുഴക്ക് അഭിമാനമാണെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു. പത്മശ്രീ പുരസ്‌കാര ജേതാവ് കായംകുളം കണ്ടല്ലൂർ കൊല്ലകൽ ദേവകിയമ്മയെ വീട്ടിലെത്തി ആദരിച്ച ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.
'അൺസങ് ഹീറോസ്' വിഭാഗത്തിലാണ് പ്രകൃതി സംരക്ഷണവും പരിസ്ഥിതി മേഖലയ്ക്കുള്ള സമഗ്ര സംഭാവനയും കണക്കിലെടുത്ത് രാജ്യം ദേവകിയമ്മയെ പത്മശ്രീ നൽകി ആദരിച്ചത്. കായംകുളം കണ്ടല്ലൂർ പഞ്ചായത്തിൽ ഉൾപ്പെട്ട കൊല്ലകൽ തറവാട്ടിലെ ദേവകിയമ്മ രൂപപ്പെടുത്തിയെടുത്ത തപോവനം ജൈവവൈവിധ്യങ്ങളുടെ കലവറയാണ്. വലിയ വൃക്ഷങ്ങൾ മുതൽ 3000 ത്തിലധികം ഔഷധസസ്യങ്ങളും അപൂർവ്വ മരങ്ങളും ഈ തപോവനത്തിലുണ്ട്. സ്വന്തം വീട്ടിലെ വിശാലമായ അഞ്ചേക്കർ പറമ്പിൽ നാലു പതിറ്റാണ്ടുകൊണ്ട് മരങ്ങൾ നട്ടുപിടിപ്പിച്ച് കാടുണ്ടാക്കിയ ദേവകിയമ്മ പ്രായത്തിന്റെ പരിമിതികൾക്കിടയിലും തന്റെ വീട്ടുമുറ്റത്തെ കാടും മരങ്ങളും ഇന്നും പരിപാലിച്ചു പോരുന്നു. കേന്ദ്ര സർക്കാരിന്റെ നാരീശക്തി പുരസ്കാരം, ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്, സംസ്ഥാന സർക്കാരിന്റെ വനമിത്ര അവാർഡ് തുടങ്ങി ധാരാളം നേട്ടങ്ങൾ ദേവകിയമ്മക്ക് ലഭിച്ചിട്ടുണ്ട്.
കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ് സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഡി അംബുജാക്ഷി, ജില്ലാ പഞ്ചായത്തംഗം ലിഷ അനുപ്രസാദ്, എഡിഎം ആശാ സി എബ്രഹാം, ഡെപ്യൂട്ടി കളക്ടർ സി പ്രേംജി, കണ്ടല്ലൂർ പഞ്ചായത്തംഗങ്ങളായ അശ്വതി, രമ്യ, തഹസീൽദാർമാരായ പ്രദീപ് ഭാസ്കർ, വി ദീപു, കണ്ടല്ലൂർ വില്ലേജ് ഓഫീസർ എം ആർ ശ്രീപ്രിയ തുടങ്ങിയവർ കളക്ടറോടൊപ്പമുണ്ടായിരുന്നു.
- Log in to post comments