നഗരയാത്ര സുഗമമാക്കാൻ ഉദ്ഘാടനത്തിലൊരുങ്ങി ആറാട്ടുവഴി, പോപ്പി പാലങ്ങൾ
ആലപ്പുഴ മണ്ഡലത്തിലെ ഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ നിർമ്മാണം ഏറ്റെടുത്ത് നടത്തുന്ന രണ്ട് പ്രധാന പാലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു. ആറാട്ടുവഴി പാലം, പോപ്പി പാലം എന്നിവയുടെ നിർമ്മാണമാണ് അന്തിമഘട്ടത്തിലെത്തിയത്.
12 മീറ്റർ നീളത്തിൽ നിർമിക്കുന്ന ആറാട്ടുവഴി പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ 90 ശതമാനം പൂർത്തിയായിട്ടുണ്ട്. നിലവിൽ പാലത്തിലേക്കുള്ള അനുബന്ധ റോഡിന്റെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. ഫെബ്രുവരി 15-ഓടെ പാലം പൂർണ്ണമായും ഗതാഗതത്തിന് തുറന്നുകൊടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2 കോടി രൂപയാണ് പദ്ധതിയുടെ ഏകദേശ ചെലവ്. ചാത്തനാട്, മന്നത്ത്, പൂന്തോപ്പ്, കാളാത്ത്, തോണ്ടൻകുളങ്ങര, ആശ്രാമം, ജില്ലാക്കോടതി, കിടങ്ങാംപറമ്പ് എന്നിവിടങ്ങളിലുള്ളവർക്ക് ദേശീയപാതയിലേക്ക് എത്തുന്നതിനും ആറാട്ടുവഴി, കൊമ്മാടി എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് സ്കൂളുകളിലും കോളേജുകളിലും എത്തുന്നതിനുമുള്ള ആശ്രയമാണ് ആറാട്ടുവഴി പാലം.
1.50 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പോപ്പി പാലത്തിന്റെ നിർമ്മാണവും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 90 ശതമാനം പണികൾ പൂർത്തിയായ ഈ പാലവും അനുബന്ധ റോഡ് നിർമ്മാണം കഴിഞ്ഞ് ഫെബ്രുവരി 28-ഓടെ തുറന്നു നൽകും. 12 മീറ്റർ നീളവും 4 മീറ്റർ വീതിയുമാണ് ഈ പാലത്തിനുള്ളത്. എ എസ് കനാലിന് കുറുകെയാണ് പോപ്പി പാലം നിർമ്മിക്കുന്നത്. ഈ പാലങ്ങളുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ആലപ്പുഴ നഗരത്തിലെ യാത്ര കൂടുതൽ സുഗമമാകും.
- Log in to post comments