Skip to main content

ജില്ലാ വികസന പദ്ധതി 2026: സെമിനാർ സംഘടിപ്പിച്ചു

*57 തദ്ദേശ സ്ഥാപനങ്ങളുടെ ഹെൽത്ത് ഗ്രാൻഡ് പദ്ധതികൾക്ക് ആസൂത്രണ സമിതി അംഗീകാരം

ജില്ലാ വികസന പദ്ധതി 2026 ന്റെ  അവതരണത്തിനായി ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ജില്ലാ വികസന സെമിനാർ സംസ്ഥാന ആസൂത്രണ സമിതി ബോർഡ്‌ അംഗം ജിജു പി അലക്സ്‌ ഉദ്ഘാടനം ചെയ്തു. 

കേവലം ആവശ്യങ്ങളുടെ പട്ടിക എന്നതിലുപരി കൃത്യമായ  വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആസൂത്രണ സമിതി ഓരോ പദ്ധതികളും തയ്യാറാക്കുന്നതെന്നും ഉദ്യോഗസ്ഥർ അവരുടെ വകുപ്പുകളിലെ വാർഷിക പദ്ധതികൾ തയ്യാറാക്കുമ്പോൾ ഇത് മാനദണ്ഡമായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇതോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2025-26 വാർഷിക പദ്ധതി ഭേദഗതികൾക്ക് അംഗീകാരം നൽകുന്നതിനായി നടന്ന ജില്ലാ ആസൂത്രണ സമിതി (അഡ്‌ഹോക്) യോഗത്തിൽ 57 തദ്ദേശ സ്ഥാപനങ്ങൾ ഹെൽത്ത്‌ ഗ്രാൻഡ് പദ്ധതിക്ക് അംഗീകാരം നേടി. പരിപാടിയിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ മഹേന്ദ്രൻ അധ്യക്ഷനായി. പദ്ധതികളുടെ നിർവ്വഹണ ഘട്ടങ്ങൾ ഗൗരവമായി കണ്ട് എത്രയും വേഗം ഇവ പൂർത്തിയാക്കണമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പറഞ്ഞു. ജില്ലാ കളക്ടർ അലക്സ്‌ വർഗീസ് മുഖ്യപ്രഭാഷണം നടത്തി. വേമ്പനാട് കായൽ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങൾ കായൽ പുനരുജ്ജീവന പദ്ധതികൾ ഏറ്റെടുക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ചടങ്ങിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു പദ്ധതിയുടെ കരട് അവതരിപ്പിച്ചു. അന്താരാഷ്ട്ര കായൽ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ ജി പദ്മകുമാർ, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസർ പി മിനി നാരായണൻ, ജില്ലാ പ്ലാനിങ് ഓഫീസ് റിസർച്ച് ഓഫീസർ സി എം മഞ്ജു, ആലപ്പുഴ എസ്ഡി കോളേജ്  സുവോളജി വകുപ്പ് റിട്ട. പ്രൊഫ. ഡോ. നാഗേന്ദ്ര പ്രഭു, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date