കേരളോത്സവം ഗ്രാമീണ പ്രതിഭകളെ കണ്ടെത്തുന്ന മികച്ച വേദി: പി.പി. ചിത്തരഞ്ജൻ എം.എൽ.എ
*ജില്ലാതല കേരളോത്സവം ഉദ്ഘാടനം പി.പി. ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു
ഗ്രാമീണ മേഖലയിലുള്ള യുവതി, യുവാക്കളുടെ കലാകായിക കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്ന മികച്ച വേദിയാണ് കേരളോത്സവമെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു. കേരളോത്സവത്തിന്റെ ജില്ലാതല ഔദ്യോഗിക ഉദ്ഘാടനം പി.പി. സ്വാതന്ത്ര്യം സ്മാരക ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമീണ പ്രതിഭകളെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഇത്തരം മേളകൾക്ക് പ്രാധാന്യം നൽകുന്നതെന്ന് എംഎൽഎ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയർപേഴ്സണുമായ എ. മഹേന്ദ്രൻ ചടങ്ങിൽ അധ്യക്ഷനായി.
ഫെബ്രുവരി ഒൻപത് മുതൽ 14 വരെ നീണ്ടുനിൽക്കുന്ന മേളയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് യുവപ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. ഇന്ന് (ഫെബ്രുവരി 14-ന്) ചേർത്തല എസ് എൻ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപന സമ്മേളനം ഫിഷറീസ്-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മിണി തമ്പാൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജ്യോതിമോൾ, എസ്. രാധാകൃഷ്ണൻ, അംബുജാക്ഷി ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ. റിയാസ്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സന്തോഷ് കുമാർ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അംഗം ജി. ശശികല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments