ജില്ലാതല കേരളോത്സവം സമാപിച്ചു : കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന് കിരീടം
ഫെബ്രുവരി ഒമ്പത് മുതൽ 14 വരെ വിവിധ വേദികളിലായി നടന്ന മത്സരങ്ങളിൽ 210 പോയിന്റുകൾ നേടി ആതിഥേയരായ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ജില്ലാതല കേരളോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയർമാനുമായ എ. മഹേന്ദ്രൻ ചേർത്തല എസ്.എൻ. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന കേരളോത്സവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
158 പോയിന്റുകളോടെ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. വ്യക്തിഗത മികവിൽ കഞ്ഞിക്കുഴി ബ്ലോക്കിലെ ഗായത്രി എസ്. നായർ (41 പോയിന്റ്) കലാതിലകമായും, പട്ടണക്കാട് സ്വദേശി കെ.ആർ. രജദേവ് (33 പോയിന്റ്) കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് വിഭാഗങ്ങളിലെ ചാമ്പ്യന്മാരായി ജെറിൽ സി ജോൺ(സീനിയർ ബോയ്സ്), കെ.എൽ അലീന (സീനിയർ ഗേൾസ്), എം.എസ് ശാരിക . (വനിതകൾ), കൈലാസ് (പുരുഷന്മാർ) എന്നിവർ തിളക്കമാർന്ന വിജയം കൈവരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മിണി തമ്പാൻ, സംഘാടക സമിതി വർക്കിംഗ് ചെയർമാനും ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ എസ്. രാധാകൃഷ്ണൻ, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സരള ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.ജെ. ജിസ്മി, വിജയശ്രീ സുനിൽ, പി.ആർ. ജ്യോതിലക്ഷ്മി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. പ്രദീപ് കുമാർ, യുവജനക്ഷേമ ബോർഡ് ജില്ലാ കോഡിനേറ്റർ ജെയിംസ് സാമുവൽ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ബി. ഷീബ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments