Skip to main content

പെരുമ്പളം പാലം ജനതയുടെ സ്വപ്ന സാക്ഷാത്കാരം : വെള്ളം കയറിയ വള്ളവും ഗർഭിണിയുടെ കരച്ചിലും; ദുരനുഭവങ്ങൾ ഇനി ഓർമയാകും

പെരുമ്പളം മുടിച്ചിയിൽ എം വി സന്തോഷിന് 1981 ലെ ആ ദിനം  ഇന്നും നടുക്കുന്ന ഓർമയാണ്. ഗർഭിണിയായ സ്ത്രീയെ വള്ളത്തിൽ പെരുമ്പളം കായൽ കടന്ന് ആശുപത്രിയിലെത്തിച്ച കാര്യം ഓർക്കുമ്പോൾ ആ കണ്ണുകളിൽ ഭയവും നിസ്സഹായതയും ഇരച്ചുകയറും. 

'ശക്തമായ കാറ്റും വേലിയേറ്റവുമുള്ള ആ രാത്രി.  പൂർണ്ണ ഗർഭിണിയെ അരൂക്കുറ്റി ആശുപത്രിൽ കൊണ്ടു പോകണം. സ്ത്രീയുടെ ശരീരത്തിൽ നിന്നും ചോര ഒഴുകുന്നുണ്ട്. വീശിയടിക്കുന്ന കാറ്റിൽ അക്കരെ എത്തുമോയെന്ന പേടി ഉണ്ടെങ്കിലും വേറെ വഴിയില്ലാത്തതുകൊണ്ട് രണ്ടും കൽപ്പിച്ച് വള്ളമെടുത്തത് സന്തോഷ് ഓർക്കുന്നു. കൂടെ രണ്ട് സുഹൃത്തുക്കളും വള്ളത്തിൽ കയറി. ആകെ ഒരു നല്ല പങ്കായം മാത്രമാണുള്ളത്. ഒപ്പമുള്ള രണ്ടുപേരും കവളൻ മടൽ വെട്ടിയ പങ്കായമാണ് തുഴയുന്നത്. വള്ളത്തിന് നടുവിലെ ഒറ്റ പലകയിൽ അവരെ കിടത്തി ഞങ്ങൾ മുന്നോട്ട് തുഴഞ്ഞു. കുറച്ച് സമയം കഴിഞ്ഞപ്പോൾ കാലിൻ്റെ ഉപ്പൂറ്റി വരെ വെള്ളം കയറി. വള്ളത്തിലേക്ക് എവിടെയോ കൂടി വെള്ളം കയറുന്നുണ്ടെന്ന് ഞങ്ങൾക്ക് മനസിലായി. തുഴയുന്നതിനിടയ്ക്ക് ചോര കലർന്ന വെള്ളം ഞാൻ കോരി കളഞ്ഞു. എങ്ങനെയൊക്കെയോ  കരയിലെത്തി. അവരെ വേഗം അരൂക്കുറ്റി ആശുപത്രിയിലെത്തിച്ചു. ജീവിതത്തിൽ ഇത്രയും പേടിച്ച നിമിഷം പിന്നീട് ഇതുവരെ ഉണ്ടായിട്ടില്ല' - സന്തോഷ് പറഞ്ഞു.

പെരുമ്പളം ദ്വീപിലെ ജനങ്ങൾക്ക് പറയാനുള്ളത് ഇത്തരത്തിലുള്ള നിരവധി ദുരിതയാത്രകളാണ്. ഇനി അത് മാറുകയാണ്. 12,000  മാത്രം ജനസംഖ്യയുള്ള ഒരു ചെറു ദ്വീപിലേക്ക് സംസ്ഥാന സർക്കാർ 100 കോടി രൂപ ചെലവിലാണ് പാലം നിർമ്മിച്ചത്. ദ്വീപിൽ ദുരിത ജീവിതം അനുഭവിച്ചുവന്ന ഒരുകൂട്ടം ജനങ്ങളോടുള്ള സർക്കാരിന്റെ കരുതലിന്റെ പ്രതീകമാണ് പെരുമ്പളം പാലം.

വേമ്പനാട് കായലിന് കുറുകെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പെരുമ്പളം ദ്വീപ് നിവാസികളുടെ സ്വപ്ന പദ്ധതിയായ പാലം നിർമ്മിക്കുന്നത്. കരയിലെ രണ്ട് തൂണുകള്‍ അടക്കം 34 തൂണുകളിലാണ് പാലം നിലയുറപ്പിക്കുന്നത്. 1157 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലത്തിൽ രണ്ടുവരി ഗതാഗതത്തിന് യോഗ്യമായ 7.5 മീറ്റര്‍ വീതിയുള്ള പാതയും ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതമുള്ള നടപ്പാതയുമുണ്ട്. ദേശീയ ജലപാത കടന്നുപോകുന്ന ദിശയായതിനാൽ ബാർജ്, വലിയ യാനങ്ങൾ എന്നിവ തടസമില്ലാതെ കടന്നുപോകുന്നതിനായി നടുവിലായി ബോസ്ട്രിങ് ആര്‍ച്ച് മാതൃക വരുന്ന രീതിയിലാണ് പാലത്തിൻ്റെ രൂപകൽപ്പന. വടുതല ഭാഗത്തും പെരുമ്പളം ഭാഗത്തും 300 മീറ്റര്‍ നീളത്തിലാണ് അപ്രോച്ച് റോഡുകളുടെ നിർമ്മാണം.

നാലുവശവും വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട് രണ്ടു കിലോമീറ്റർ വീതിയും അഞ്ചു കിലോമീറ്റർ നീളവും ആറ് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുമുള്ള ചെറിയ ഒരു  പ്രദേശമാണ് പെരുമ്പളം. 12,000 വരുന്ന ജനസംഖ്യയും മൂവായിരത്തിൽ താഴെ വീടുകളും വരുന്ന ഈ ദ്വീപിലേക്ക് കിഫ്‌ബി മുഖേന നൂറു കോടിരൂപ ചെലവിലാണ് പാലം നിർമിക്കുന്നത്. വലിയൊരു സാമ്പത്തിക ചെലവിനെക്കാൾ ദ്വീപ് ജനത മറുകരയിലെത്താൻ വർഷങ്ങളായി അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്ക് മുൻതൂക്കം നൽകി അന്നത്തെ അരൂര്‍ എംഎല്‍എ ആയിരുന്ന മുൻ എംപി എ എം ആരിഫും മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും പാലത്തിനായി ഇടപെട്ടതോടെയാണ് 2019 ല്‍ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചത്. പിന്നീട് ഇപ്പോഴത്തെ എം.എൽ.എ ദലീമ പാലം നിർമാണത്തിലെ ഓരോ ഘട്ടത്തിലും ഉണ്ടായ തടസ്സങ്ങൾ നീക്കാൻ മുന്നിട്ടിറങ്ങി.  മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ജില്ലയിൽ നിന്നുള്ള മന്ത്രിമാർ  പാലം നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ജില്ലാ ഭരണകൂടവുമായി ചേർന്ന് പ്രവർത്തന പുരോഗതി വിലയിരുത്തി. 

കായലിന് കുറുകെ നിർമ്മിക്കുന്ന കേരളത്തിലെ ഏറ്റവും നീളമേറിയ ഈ പാലം പൂർത്തിയായതോടെ  നാലുവശവും വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട പെരുമ്പളം നിവാസികളുടെയും മറ്റാവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവരുടെയും വർഷങ്ങളായുള്ള യാത്രാദുരിതത്തിനാണ് പരിഹാരമാകുന്നത്. ചേര്‍ത്തല- അരൂക്കുറ്റി റോഡില്‍ നിന്നും പെരുമ്പളം ദ്വീപ് വഴി വൈക്കം- പൂത്തോട്ട- തൃപ്പൂണിത്തുറ സംസ്ഥാന പാതയെ ബന്ധിപ്പിക്കുന്ന പാതയുടെ ആദ്യഘട്ടം എന്ന നിലയിലാണ് പെരുമ്പളം പാലം വിഭാവനം ചെയ്തിരിക്കുന്നത്.

date