10 വർഷം ചെങ്ങന്നൂരിലെ ആരോഗ്യ മേഖലയിൽ നടത്തിയത് വലിയ കുതിച്ചുചാട്ടം: മന്ത്രി സജി ചെറിയാൻ
*മാന്നാർ സാമൂഹ്യ ആരോഗ്യ കേന്ദ്രം പുതിയ ആശുപത്രി കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു
ചെങ്ങന്നൂർ മണ്ഡലത്തിലെ ആരോഗ്യ മേഖല കഴിഞ്ഞ 10 വർഷത്തിനിടയിൽ നടത്തിയത് വലിയ കുതിച്ചു ചാട്ടമാണെന്ന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മാന്നാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ പുതിയതായി പണികഴിപ്പിച്ച ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം മാന്നാർ സിഎച്ച്സി അങ്കണത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലത്തിലെ 13 ആരോഗ്യ കേന്ദ്രങ്ങൾക്കും പുതിയ കെട്ടിടം നൽകി. നവകേരള സദസ്സിന്റെ ഭാഗമായി എംഎൽഎ എന്ന നിലയിൽ ലഭിച്ച ഏഴ് കോടി രൂപയും മാന്നാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിനായി മാറ്റിവെച്ചു. ഒരു വർഷത്തിനകം പുതിയ കെട്ടിടം പൂർണ്ണമായി യാഥാർഥ്യമാകും. മാന്നാർ പഞ്ചായത്തിൽ നടക്കുന്ന വികസന മുന്നേറ്റങ്ങളുടെ ഭാഗമായി രണ്ട് കോടി രൂപ ചെലവിൽ പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് നിർമ്മിക്കുമെന്നും മാന്നാർ ബൈപ്പാസ് യാഥാർഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഏകദേശം 70 വർഷത്തിലധികം പഴക്കമുള്ള മാന്നാർ ആരോഗ്യകേന്ദ്രം മൂന്ന് കോടി രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടുകൂടി നവീകരിക്കുന്നത്. മൂന്ന് നിലകളിലായി 22,962 ചതുരശ്ര അടി വിസ്‌തീർണ്ണമുളള കെട്ടിടത്തിൻ്റെ ഒന്നാം നിലയുടെ പണിയാണ് പൂർത്തീകരിച്ചത്. ശേഷിക്കുന്ന പണികൾ പൂർത്തീകരിച്ച് ആശുപത്രിക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനായി നവകേരള സദസ്സിലെ തീരുമാന പ്രകാരം അഞ്ച് കോടി 30 ലക്ഷം രൂപകൂടി അനുവദിച്ചിട്ടുണ്ട്.
ചടങ്ങിൽ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മധുസൂദനൻ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബി കെ പ്രസാദ്, ബിനുരാജ്, പ്രിയ വിനോദ്, ഷീല രവീന്ദ്രനുണ്ണിത്താൻ, ജില്ലാ പഞ്ചായത്തംഗം ജി കൃഷ്ണകുമാർ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജാത ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ആർ സഞ്ജീവന്‍, എസ് ആർ ശ്രീജിത്ത്, സിന്ധു ദിവാകരൻ, മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ ലത, മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അജിത്ത് പഴവൂർ, വത്സലാ ബാലകൃഷ്ണൻ, ഹസീനാ സലാം, വി കെ വിനു, മീര വിനോദ്, പി ദിവ്യ, തുളസീഭായി, സി ഡി വേണുഗോപാൽ, ജിബു ടി ജോൺ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് ചന്ദ്രകുമാർ, പഞ്ചായത്തംഗം ശാന്തിനി ബാലകൃഷ്ണൻ, സിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ. ചിത്ര സാബു, കുറത്തിക്കാട് ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. സാബു സുഗതൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments