Skip to main content

'അൻപ്–2025’ ഭിന്നശേഷി കാമ്പയിൻ: പരിശീലനം സംഘടിപ്പിച്ചു

അൻപ്–2025’  ഭിന്നശേഷി കാമ്പയിന്റെ ഭാഗമായി ഭൗതിക ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കൾക്കും സ്പെഷ്യൽ സ്കൂൾ, ബഡ്‌സ്, ബി. ആർ. സി അധ്യാപകർക്കും, സാമൂഹ്യപ്രവർത്തകർക്കും വേണ്ടി ഏകദിന പരിശീലനം സംഘടിപ്പിച്ചു.

പുന്നപ്ര വടക്ക് പഞ്ചായത്ത് ഇ. എം. എസ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ക്യാമ്പ് എ.ഡി.എം ആശാ സി എബ്രഹാം ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിക്കാരായ വ്യക്തികളുടെ കഴിവുകൾ പരിപോഷിപ്പിക്കുവാനും അവരെ സമഗ്രമായി ഉൾ ചേർക്കുന്ന സാമൂഹ്യ പരിസ്ഥിതി സൃഷ്ടിക്കുവാനും നിയമങ്ങളും പദ്ധതികളും സംബന്ധിച്ച അവബോധം വ്യാപിപ്പിക്കാനും സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷി കമ്മീഷണറേറ്റ്, സാമൂഹ്യ സുരക്ഷാ മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്.

ചടങ്ങിൽ പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത ശശി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭിന്നശേഷി കമ്മിഷണർ പി.റ്റി ബാബുരാജ് മുഖ്യാതിഥിയായി. ആലപ്പുഴ ജില്ലാ സീനിയർ ജഡ്ജിയും ഡി എൽ എസ് എ സെക്രട്ടറിയുമായ പ്രമോദ് മുരളി മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ് രഞ്ജിത്ത്, കെ.എസ്എ.സ്.എം കോർഡിനേറ്റർ ഷിനോജ് എബ്രഹാം, ജില്ലാ സാമൂഹിക നീതി വകുപ്പ് സീനിയർ സൂപ്രണ്ട് സ്മിത എംപി എന്നിവർ സംസാരിച്ചു. ഭിന്നശേഷി അവകാശ നിയമത്തെ കുറിച്ച് സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റ് ഡെപ്യൂട്ടി സെക്രട്ടറി രാജീവ് ആർ, നാഷണൽ ട്രസ്റ്റ് ആക്ടിനെ കുറിച്ച് എൽ.എൽ.സി കോർഡിനേറ്റർ ടി. ടി രാജപ്പൻ. യുഡിഐഡി കാർഡിനെ കുറിച്ച് ഡി.എം.ഒ ഓഫീസ് ക്ലർക്ക് നീതു എന്നിവർ ക്ലാസെടുത്തു. അമ്പലപ്പുഴ താലൂക്കിലെ ബഡ്‌സ് സ്കൂൾ. ബി. ആർ. സി, സ്‌പെഷ്യൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് നൂറോളം മാതാപിതാക്കളും അധ്യാപകരും  പങ്കെടുത്തു.

date