*അമ്പുകുത്തി ഭൂമി കൈമാറ്റം പൂര്‍ത്തിയായാല്‍ നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും : മന്ത്രി ഒ. ആര്‍ കേളു*
മെഡിക്കല്‍ കോളേജ് സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നു
മാനന്തവാടിമെഡിക്കല്‍ കോളേജിനായി കണ്ടെത്തിയ അമ്പുകുത്തിയിലെ 28 ഏക്കര്‍ ഭൂമി കൈമാറ്റം നടന്ന ഉടന്‍ കെട്ടിടം നിര്‍മ്മിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തന സജ്ജമായ സി.ടി സ്‌കാന്‍, നവീകരിച്ച ഡയാലിസിസ് യൂണിറ്റ്, 360 ഡിഗ്രി മെറ്റബോളിക് ഡിസീസ് മാനേജ്മെന്റ് സെന്റര്‍, പ്രസവവിഭാഗത്തിന്റെ നവീകരണം മുതലായ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വനം വകുപ്പിന് പകരം ഭൂമി കൈമാറിയതായും മെഡിക്കല്‍ കോളേജ് അക്കാഡമിക്ക് ബ്ലോക്ക് നിര്‍മ്മാണത്തിനായി 350 കോടി നീക്കി വച്ചതായും മന്ത്രി പറഞ്ഞു. ആധുനിക രീതിയിലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി ഘട്ടം ഘട്ടമായി മെഡിക്കല്‍ കോളേജിന്റെ സേവനങ്ങള്‍ ശക്തിപ്പെടുത്തുകയാണെന്നും മന്ത്രി അറിയിച്ചു.
അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനായി വിവിധ സര്‍ക്കാര്‍ പദ്ധതികളിലൂടെ നിരവധി ആധുനിക ഉപകരണങ്ങളും സൗകര്യങ്ങളും ഒരുക്കിയതായി മന്ത്രി അറിയിച്ചു.
എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് നിലവിലുള്ള നബാര്‍ഡ് ബില്‍ഡിങില്‍ പുതിയ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു. ധനകാര്യ കമ്മീഷന്‍ ഫണ്ടില്‍ നിന്നുള്ള 43.9 ലക്ഷം രൂപ വിനിയോഗിച്ച് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങി ഡയാലിസിസ് യൂണിറ്റ് സജ്ജമാക്കി.
കാലപ്പഴക്കം മൂലം പ്രവര്‍ത്തനരഹിതമായിരുന്ന സിടി സ്‌കാന്‍ മെഷീന് പകരമായി നാല് കോടി രൂപ ചെലവഴിച്ച് പുതിയ അത്യാധുനിക സിടി സ്‌കാന്‍ മെഷീന്‍ സ്ഥാപിച്ചു. ഇതിലൂടെ രോഗികള്‍ക്ക് മികച്ച നിലവാരത്തിലുള്ള പരിശോധനകള്‍ ആശുപത്രിയില്‍ തന്നെ ലഭ്യമാകുന്ന സാഹചര്യം ഉറപ്പാക്കി. ഓര്‍ത്തോപീഡിക് ഓപ്പറേഷന്‍ തിയേറ്റര്‍ കൂടുതല്‍ ആധുനികമാക്കുന്നതിനായി 27 ലക്ഷം രൂപ ചെലവഴിച്ച് അത്യാധുനിക സി-ആം മെഷീന്‍ വാങ്ങി സ്ഥാപിച്ചു. കൂടാതെ 14 ലക്ഷം രൂപ ചെലവഴിച്ച് പുതിയ എക്‌സ്-റേ മെഷീന്‍ ഒ.പി ബ്ലോക്കില്‍ സ്ഥാപിക്കുകയും വയനാട് പാക്കേജില്‍ നിന്ന് 7 ലക്ഷം രൂപ വിനിയോഗിച്ച് അതിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. സൗകര്യം പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കിയിട്ടുണ്ട്.
വയനാട് പാക്കേജില്‍ നിന്ന് ഒരു കോടി വിനിയോഗിച്ച് സര്‍ജറി ഓപ്പറേഷന്‍ തിയേറ്റര്‍ വിഭാഗത്തിലേക്ക് അത്യാധുനിക 4ഉ ലാപറോസ്‌കോപിക് സെറ്റ് വാങ്ങി. ഇതോടെ താക്കോല്‍ ദ്വാര ശസ്ത്രക്രിയകള്‍ കൂടുതല്‍ ആധുനിക സംവിധാനങ്ങളോടെ നടത്താന്‍ സാധിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
തിമിര ശസ്ത്രക്രിയ വിഭാഗത്തിനായി ആസ്പിരേഷന്‍ ഡിസ്ട്രിക്റ്റ് ഫണ്ടിന്റെ സഹായത്തോടെ അത്യാധുനിക ഫാക്കോഎമള്‍സിഫിക്കേഷന്‍ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. വയനാട് പാക്കേജിന്റെ ഭാഗമായി ബ്രോങ്കോസ്‌കോപ്പി സ്യൂട്ട്, ബ്ലഡ് ബാങ്ക് റഫ്രിജറേറ്റര്‍, ഹോര്‍മോണ്‍ അനലൈസര്‍, ഇമ്മ്യൂണൈസര്‍, പോര്‍ട്ടബിള്‍ എക്‌സ്‌റേ മെഷീന്‍ എന്നിവയും വാങ്ങി പ്രവര്‍ത്തനം ആരംഭിച്ചു. ആരോഗ്യകേരളം പദ്ധതിയുടെ 35 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച അഡീഷണല്‍ ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡ് ബില്‍ഡിങ് ഗൈനക്കോളജി വിഭാഗത്തില്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി. ഗൈനക്കോളജി ഓപ്പറേഷന്‍ തിയേറ്ററിലേക്ക് അത്യാധുനിക ലാപറോസ്‌കോപിക് സെറ്റ് വാങ്ങുന്നതിനും ഡിജിറ്റല്‍ റേഡിയോഗ്രാഫി മെഷീന്‍ സ്ഥാപിക്കുന്നതിനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
മാനന്തവാടി നഗരസഭ ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷനായ പരിപാടിയില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി വിഎസ് മൂസ, ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. ടി രേഖ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഡോ. പി. ഡി ബെന്നി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ. റഫീഖ്, പി.കെ ജയലക്ഷ്മി ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍,
സിവില്‍ സ്റ്റേഷന്‍, വയനാട്
- Log in to post comments