വിനോദസഞ്ചാര മേഖലയിൽ കേരളത്തിന് സർവകാല റെക്കോഡ്: മന്ത്രി പി എ മുഹമ്മദ് റിയാസ്
*വട്ടക്കായൽ ടെർമിനൽ അഡ്വഞ്ചർ ടൂറിസം പദ്ധതി മന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു
പ്രതിസന്ധികളെ അതിജീവിച്ച് കേരളത്തിന്റെ വിനോദസഞ്ചാര മേഖല സർവകാല റെക്കോഡുകൾ ഭേദിച്ച് മുന്നേറുകയാണെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൈനകരി വട്ടക്കായൽ ടെർമിനൽ അഡ്വഞ്ചർ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 ൽ കേരളം സന്ദർശിച്ച വിനോദസഞ്ചാരികളുടെ എണ്ണം
2,58,80,365 ആയി ഉയർന്നു. മുൻവർഷത്തെ അപേക്ഷിച്ച് 28 ലക്ഷം പേരുടെ വർധനവാണ് ഉണ്ടായത്. ഒരു കാലത്ത് തളർച്ചയിലായിരുന്ന ടൂറിസം മേഖലയെ കൃത്യമായ പദ്ധതികളിലൂടെയും ഡെസ്റ്റിനേഷനുകൾ വികസിപ്പിച്ചും സർക്കാർ തിരിച്ചുപിടിച്ചതായും മന്ത്രി പറഞ്ഞു.
വട്ടക്കായൽ ടെർമിനലിന് സമീപം നടന്ന ഉദ്ഘാടന ചടങ്ങിൽ തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷനായി. കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ആലപ്പുഴയുടെ പ്രശസ്തി വർദ്ധിപ്പിക്കുന്ന പ്രധാന കേന്ദ്രമായി വട്ടക്കായൽ മാറുമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ നടപ്പിലാക്കിയ കോടികളുടെ വികസന പദ്ധതികൾ കുട്ടനാടിനെ ഒരു മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി ഉയർത്തിയെന്നും ഈ പുതിയ സംരംഭം ആ മാറ്റത്തിന് കൂടുതൽ കരുത്തേകുമെന്നും എംഎൽഎ പറഞ്ഞു.
സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും
(ഡിടിപിസി) ചേർന്ന് സ്വകാര്യ സംരംഭകരായ ആംഫിട്രൈറ്റ് സബ്‌സീ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് വട്ടക്കായൽ ടെർമിനലിൽ സാഹസിക ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. ആലപ്പുഴയുടെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്ന വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികൾക്ക് ജലസാഹസിക വിനോദങ്ങൾകൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ജെറ്റ് സ്കീ, കനോയിംഗ്, കയാക്കിംഗ്, സ്പീഡ് ബോട്ട്, ബനാന ബോട്ട്, പാരാസെയിലിംഗ്, വാട്ടർ സ്കൂട്ടർ, പെഡൽ ബോട്ട് തുടങ്ങിയ ആധുനിക ജലസാഹസിക വിനോദോപാധികളും വിനോദസഞ്ചാരികൾക്കായി ലഘുഭക്ഷണശാലകൾ ഉൾപ്പെടെയുള്ള വിപുലമായ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ചടങ്ങിൽ ജില്ലാ കളക്ടർ അലക്സ് വർഗീസ്, മുൻ എംഎൽഎയും ഡിടിപിസി എക്സി. അംഗവുമായ സി കെ സദാശിവൻ, മുൻ എംഎൽഎയും പട്ടികജാതി, പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ചെയർമാനുമായ കെ കെ ഷാജു, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ആർ രാഹുൽ, ഡിടിപിസി സെക്രട്ടറി കെ ജി അജേഷ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments