*ഹരിത ഗ്രന്ഥശാല ക്യാമ്പയിൻ; ജില്ലയിൽ സമ്പൂർണ പ്രഖ്യാപനം നടത്തി*
സമ്പൂർണ ഹരിത ഗ്രന്ഥ ശാല പ്രഖ്യാപനം നടത്തി ജില്ല. ഹരിതകേരളം മിഷന്റെയും ജില്ലാ ലൈബ്രറി കൗൺസലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹരിത ഗ്രന്ഥശാല ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ഗ്രന്ഥശാലകളെയും ഹരിത ഗ്രന്ഥശാലകളായി പ്രഖ്യാപിച്ചു. കേണിച്ചിറ യുവപ്രതിഭ ലൈബ്രറിയിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മാലിന്യമുക്തം നവ കേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ഗ്രന്ഥശാലകളും പരിസ്ഥിതി സൗഹൃദ ഹരിത ഗ്രന്ഥാലയങ്ങൾ ആക്കി മാറ്റുക എന്നതാണ് ഹരിത ഗ്രന്ഥശാല ക്യാമ്പയിനിന്റെ ലക്ഷ്യം. ജില്ലാ ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത മുഴുവൻ ഗ്രന്ഥശാലകളിലും ഹരിതഗ്രന്ഥശാല പ്രഖ്യാപനം നടത്തി. ആദ്യഘട്ടത്തിൽ മൂന്നു താലൂക്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട 30 ഗ്രന്ഥശാലകളിൽ പ്രഖ്യാപനം നടത്തിയിരുന്നു. കൃത്യമായ മാനദണ്ഡപ്രകാരം ഓരോ ഗ്രന്ഥശാലകളും ഓഡിറ്റ് ചെയ്ത് വിശകലനം ചെയ്ത് ഗ്രേഡ് നൽകിയാണ് പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സണൺമാർ നേരിട്ട് ഗ്രന്ഥശാലകളിൽ എത്തി ഓഡിറ്റ് ചെയ്യുകയും പിന്നീട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഓഡിറ്റ് നടപടികൾ പൂർത്തിയാക്കും. ജില്ലാ മിഷന്റെ അന്തിമ വിലയിരുത്തലിന് ശേഷമാണ് പ്രഖ്യാപനം നടപ്പിലാക്കിയത്. മാനന്തവാടി, വൈത്തിരി, സുൽത്താൻബത്തേരി താലൂക്കുകളിലെ മുഴുവൻ ഗ്രന്ഥാലയങ്ങളും താലൂക്ക് അടിസ്ഥാനത്തിൽ ഘട്ടം ഘട്ടമായാണ് ഹരിത ഗ്രന്ഥശാലകളായി പ്രഖ്യാപിച്ചത്. ഇതിൽ മാനന്തവാടി ലൈബ്രറി കൗൺസിലിന് കീഴിലെ ഗ്രന്ഥാലയങ്ങളാണ് ആദ്യ സമ്പൂർണ്ണ പ്രഖ്യാപനം നടത്തിയത്.
ഗ്രന്ഥശാലകളിലെ ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് ഉൾപ്പടെയുള്ള ഡിസ്പോസിബിൾ വസ്തുക്കളുടെ ഉപയോഗം ഒഴുവാക്കൾ, ജൈവ- അജൈവ മാലിന്യങ്ങൾ തരംതിരിച്ച് സംസ്കരിക്കൽ, കമ്പോസ്റ്റ്/ ബയോഗ്യാസ് സംവിധാനം, ഹരിത കർമ്മസേനയിലൂടെ അജൈവ മാലിന്യങ്ങൾ കൈമാറൽ, ശുചിത്വ സൗകര്യങ്ങൾ, കുടിവെള്ള സൗകര്യം, പച്ചക്കറിത്തോട്ടം, വൃക്ഷതൈ നട്ട് വളർത്തൽ, മഴവെള്ള സംഭരണം, ഊർജ്ജസംരക്ഷണം എന്നിവ ഉൾപ്പെടെയുള്ള വിവിധ പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് വിലയിരുത്തൽ.
ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ സത്താർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹരിത കേരളം മിഷൻ ജില്ല കോ-ഓർഡിനേറ്റർ ഇ. സുരേഷ് ബാബു ഹരിത ഗ്രന്ഥശാല പ്രഖ്യാപനവും, ലൈബ്രറികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി .കെ സുധീർ, ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എം. ദേവകുമാർ, സുൽത്താൻ ബത്തേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.എൻ ഷാജി, സുൽത്താൻ ബത്തേരി താലൂക്ക് ലൈബ്രറി പ്രസിഡന്റ് ടി.എം നളരാജൻ, മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.സുരേഷ് ബാബു, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എം സുമേഷ്, പൂതാടി പഞ്ചായത്ത് സമിതി കൺവീനർ എം.പി മുരളീധരൻ, യുവപ്രതിഭ ലൈബ്രറി പ്രസിഡന്റ് ദിവാകരൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.
- Log in to post comments