*നിയമസഭാ തെരഞ്ഞെടുപ്പ്: പ്ലാസ്റ്റിക് മുക്ത ഗ്രീൻ ഇലക്ഷൻ കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ*
നിയമസഭാ തെരഞ്ഞെടുപ്പ് പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായി നടത്തുന്നതിനായി ഹരിത ചട്ടങ്ങൾ പ്രഖ്യാപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. കേരള ഹൈക്കോടതിയുടെ ഉത്തരവും സംസ്ഥാന സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ശാസ്ത്രീയമായ മാലിന്യ സംസ്കരണം ഉറപ്പാക്കാനും മാലിന്യത്തിന്റെ തോത് കുറയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
പ്രചാരണ സാമഗ്രികളിൽ പ്ലാസ്റ്റിക് ഉപയോഗം പൂർണമായും നിരോധനം ഏർപ്പെടുത്തി. രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും പ്രചാരണത്തിനായി ഉപയോഗിക്കുന്ന സാമഗ്രികളിൽ പി.വി.സി ഫ്ലക്സ്, പോളിസ്റ്റർ, നൈലോൺ, കൊറിയൻ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള തുണികൾ, പുനഃചംക്രമണം സാധ്യമല്ലാത്ത മറ്റ് സാമഗ്രികൾ എന്നിവയ്ക്ക് കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ച റീ-സൈക്കിൾ ചെയ്യാവുന്ന പോളി എത്തിലീൻ, 100% കോട്ടൺ തുണി എന്നിവ മാത്രം ഉപയോഗിക്കാം.
ബാനറുകളിൽ പി.വി.സി ഫ്രീ, റീ-സൈക്കിളബിൾ ലോഗോകൾ, പ്രിന്റിങ് യൂണിറ്റിന്റെ പേര്, ഫോൺ നമ്പർ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് നമ്പർ, ക്യു.ആർ കോഡ് എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം. കൊടിതോരണങ്ങൾ ഉൾപ്പടെ എല്ലാ പ്രചാരണ സമഗ്രഹികളും
പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമായിരിക്കണം. കൺവെൻഷനുകൾ, റോഡ് ഷോകൾ, റാലികൾ, പൊതുസമ്മേളനങ്ങൾ തുടങ്ങിയ പരിപാടികളിൽ ഡിസ്പോസിബിൾ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കണം. ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിനായി പരിപാടികളിൽ സ്പീക്കറുകളും പബ്ലിക് അഡ്രസ്സിങ് സംവിധാനങ്ങളും നിയമവിധേയമായ രീതിയിൽ മാത്രം ഉപായിക്കുക.
തെരഞ്ഞെടുപ്പ് ഓഫീസുകൾ, രാഷ്ട്രീയ പാർട്ടികൾ സ്ഥാപിക്കുന്ന താത്ക്കാലിക കമ്മിറ്റി ഓഫീസുകൾ, ബൂത്തുകൾ എന്നിവ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച നിർമ്മിച്ചവയാകണം. ഇവിടെ ഉണ്ടാകുന്ന മാലിന്യങ്ങൾ കൃത്യമായി തരംതിരിച്ച്, ഹരിത കർമ്മ സേനയ്ക്ക് യൂസർ ഫീ നൽകി കൈമാറണം. ഹരിത ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
നിയമലംഘനമായി സ്ഥാപിക്കുന്ന ബോർഡുകൾ, കമാനങ്ങൾ തുടങ്ങിയവ പിടിച്ചെടുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്ക് അധികാരം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സ്ക്വാഡുകൾ പിടിച്ചെടുക്കുന്ന നിരോധിത സാമഗ്രികൾ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ വഴി ശാസ്ത്രീയമായി തരംതിരിച്ച് സംസ്കരിക്കും. നിയമവിരുദ്ധമായ പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യുന്നതിനുള്ള ചെലവ് ബന്ധപ്പെട്ട സ്ഥാനാർത്ഥികളിൽ നിന്നോ പാർട്ടികളിൽ നിന്നോ ഈടാക്കും. പരിസ്ഥിതി സംരക്ഷണത്തിൽ വിട്ടുവീഴ്ചയില്ലാത്ത മാതൃകാപരമായ തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്.
- Log in to post comments