Skip to main content

85 കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം; ഫോം ഇന്ന് ( മാർച്ച് 21) കൂടി വിതരണം ചെയ്യും

തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ ജനകീയവും സൗകര്യപ്രദവുമാക്കുന്നതിന്റെ ഭാഗമായി 85 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും (AVSC), ഭിന്നശേഷിക്കാരായ വോട്ടർമാർക്കും (AVPD) വീടുകളിൽ വോട്ട് ചെയ്യാൻ (ഹോം വോട്ടിംഗ്) സൗകര്യമുണ്ട്. നിലവിൽ വോട്ടർ പട്ടികയിൽ 85 വയസിന് മുകളിൽ പ്രായമായവർക്കും ഭിന്നശേഷിക്കാർ എന്നു രേഖപ്പെടുത്തിയവർക്കാണ് ഹോം വോട്ടിംഗ് സൗകര്യം ലഭിക്കുക.

ഭിന്നശേഷിക്കാർക്ക് ഹോം വോട്ടിംഗ് സൗകര്യം ലഭിക്കുവാൻ 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിയും, ഇത് തെളിയിക്കുന്ന അംഗീകൃത സർട്ടിഫിക്കറ്റും വേണം. 85 വയസിനു മുകളിലുള്ളവർ 12 ഡി ഫോറത്തിലുള്ള അപേക്ഷ നൽകിയാൽ മാത്രം മതിയാകും.

ഹോം വോട്ടിംഗിനുള്ള പോസ്റ്റൽ ബാലറ്റ് ലഭിക്കുവാൻ ഫോം 12 ഡി പൂരിപ്പിച്ച് മാർച്ച് 21-നകം ബന്ധപ്പെട്ട വരണാധികാരികൾക്ക് സമർപ്പിക്കണം. ഹോം വോട്ടിംഗിനുള്ള അപേക്ഷകൾ ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ.) മുഖാന്തരമാണ് നൽകേണ്ടത്. ബി.എൽ.ഒ.മാരാണ് നേരിട്ട് അർഹരായ വോട്ടർമാരുടെ വീടുകളിലെത്തി ഫോമുകൾ വിതരണം ചെയ്യുകയും പൂരിപ്പിച്ച അപേക്ഷകൾ തിരികെ സ്വീകരിക്കുകയും ചെയ്യുന്നത്. 

ഫോം   12 ഡി പൂരിപ്പിച്ച് നൽകിയവരുടെ വീട്ടിൽ പൂർണ്ണ രഹസ്യ സ്വഭാവം സൂക്ഷിച്ച്  പോസ്റ്റൽ ബാലറ്റിൽ വോട്ട് ചെയ്യിപ്പിക്കുന്നതിന് സ്പെഷ്യൽ പോളിംഗ് ഓഫീസർ, ബി എൽ ഒ, ബി എൽ എ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ, ക്യാമറമാൻ എന്നിവരടങ്ങിയ സംഘം എത്തിച്ചേരും.

date