നിയമസഭാ തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥർക്ക് ഐടി പരിശീലനം സംഘടിപ്പിച്ചു
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ഉദ്യോഗസ്ഥർക്ക് ഐടി പരിശീലനം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലെ റിട്ടേണിങ് ഓഫീസർമാർക്കും അസി. റിട്ടേണിങ് ഓഫീസർമാർക്കും കീഴിൽ പ്രവർത്തിക്കുന്ന ഐടി ജീവനക്കാർക്കായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിശീലനം രാവിലെ 10 മണിക്ക് ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പിന്റെ സുഗമമവും സുതാര്യവുമായ നടത്തിപ്പിന് ജീവനക്കാരുടെ പൂർണമായ സഹകരണം ആവശ്യമാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഏതെങ്കിലും മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ പോരായ്മകൾ ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ കളക്ടറെ നേരിട്ട് അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് നടന്ന പരിശീലനത്തിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും വിവിധ അനുമതികൾ നൽകുന്നതിനുള്ള എൻകോർ ആപ്പ്, വിവിധ സേനകളിലെ അംഗങ്ങൾക്ക് പോസ്റ്റൽ വോട്ട് ചെയ്യുന്നതിന് സൌകര്യമൊരുക്കുന്ന ഇ ടി പി ബി എം എസ് ആപ്പ്, പോസ്റ്റൽ വോട്ടുകൾ നിരീക്ഷിക്കുന്നതിനുള്ള ഇലക്ട് വൺ പോർട്ടൽ എന്നിവയിൽ പരിശീലനം നൽകി. ജില്ലാ തിരഞ്ഞെടുപ്പ് ഐടി, സൈബർ സെക്യൂരിറ്റി നോഡൽ ഓഫീസർ കെ കെ മോഹൻ, വെബ് കാസ്റ്റിങ് നോഡൽ ഓഫീസർ വിഷ്ണു കെ മോഹൻ, ഐടി വിദഗ്ധരായ പി ഡി ദേവ് മോൻ, സി ദീപു കൃഷ്ണൻ, പ്രശാന്ത് ബാബു എന്നിവർ ക്ലാസ് നയിച്ചു.
- Log in to post comments