വ്യാജവാര്‍ത്ത പ്രചരണത്തിന് കര്‍ശന നടപടി
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ മുഖേനെ തെറ്റായ വിവരം, വ്യാജ വാര്‍ത്ത എന്നിവ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി കേരള പൊലീസ്. പൊതുജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതും തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ സാധ്യതയുള്ളതുമായ നിരവധി സമൂഹമാധ്യമ അക്കൗണ്ട് കേരള പൊലീസ് സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം നീക്കം ചെയ്തു. മാതൃക പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗം തടയാന്‍ സോഷ്യല്‍ മീഡിയ കമ്പനികളുമായി സഹകരിച്ചാണ് സൈബര്‍ വിഭാഗം നടപടി സ്വീകരിക്കുന്നത്. സ്ഥിരീകരിക്കാത്ത വാര്‍ത്ത ഫോര്‍വേഡ് ചെയ്യുകയോ ഗ്രൂപ്പുകളില്‍ പങ്കുവയ്ക്കുകയോ ചെയ്യരുത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരം മാത്രം വിശ്വസിക്കുക. തെറ്റായ വിവരം നിര്‍മിക്കുന്നവര്‍ക്കും പങ്കുവയ്ക്കുന്നവര്‍ക്കുമെതിരെ ക്രിമിനല്‍ കേസ് ഉള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കും.
- Log in to post comments