സി-വിജില്‍ ആപ്പിലൂടെ ലഭിച്ചത് 3173 പരാതി
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാനുള്ള സി-വിജില്‍ മൊബൈല്‍ ആപ്പ് വഴി പത്തനംതിട്ട ജില്ലയില്‍ (വ്യാഴം) ഇതുവരെ ലഭിച്ചത് 3173 പരാതി. 3149 പരാതിക്ക് നടപടി സ്വീകരിച്ചു. ജില്ലാ കണ്‍ട്രോള്‍ റൂമില്‍ സി വിജില്‍ ആപ്പ് മുഖേന ലഭ്യമാകുന്ന പരാതി ബന്ധപ്പെട്ട ഫീല്‍ഡ് യൂണിറ്റിലേയ്ക്ക് കൈമാറി 100 മിനിറ്റിനുള്ളില്‍ പരിഹാരം കാണുന്ന വിധത്തിലാണ് ആപ്പ് ക്രമീകരിച്ചിട്ടുള്ളത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട വിവരം സി-വിജില്‍ സംവിധാനത്തിലൂടെ അറിയിക്കാം. ആപ്ലിക്കേഷനില്‍ തത്സമയ ചിത്രം, രണ്ടു മിനിറ്റുവരെ ദൈര്‍ഘ്യമുള്ള വീഡിയോ, ശബ്ദരേഖ എന്നിവ നല്‍കാനാകും. ആപ്പ് വഴി ലഭിക്കുന്ന പരാതി കൈകാര്യം ചെയ്യുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം കലക്ടറേറ്റിലെ ജില്ല ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്നു. പൊതുജനങ്ങള്‍ക്ക് സ്വന്തം പേര് വിവരം വെളിപ്പെടുത്തിയും അല്ലാതെയും വിവരം നല്‍കാം. പരാതി ഉടന്‍തന്നെ നിയോജക മണ്ഡലങ്ങളിലെ സ്‌ക്വാഡുകള്‍ക്ക് കൈമാറും. ഫ്‌ലയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ് എന്നീ ടീമുകളാണ് പരാതികള്‍ക്ക് നടപടിയെടുക്കുന്നത്.
- Log in to post comments