Skip to main content
അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പി ബി നൂഹിന്റെ നേതൃത്വത്തില്‍ ജില്ല ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് അവലോകന യോഗം

ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കം അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വിലയിരുത്തി

പത്തനംതിട്ട ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കം അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പി ബി നൂഹിന്റെ നേതൃത്വത്തില്‍ ജില്ല ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിലയിരുത്തി. ജില്ലയിലെ ഇതുവരെയുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ വിശദീകരിച്ചു. ആദ്യഘട്ട റാന്‍ഡമൈസേഷനും പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനവും പൂര്‍ത്തിയാക്കി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍  വിവിധ നിയോജക മണ്ഡലങ്ങളിലെ സ്‌ട്രോങ് റൂമിലേക്ക് മാറ്റി. ഇന്നത്തെ (മാര്‍ച്ച് 29) രണ്ടാംഘട്ട റാന്‍ഡമൈസേഷന് ശേഷം പോളിംഗ് ഉദ്യോഗസ്ഥരുടെ അടുത്ത പരിശീലനം ആരംഭിക്കും. ഏപ്രില്‍ ഒന്ന് മുതല്‍ വോട്ടിംഗ് ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കും. സി വിജിലും എംസിസിയും എംസിഎംസിയും ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.

റിട്ടേണിംഗ് ഓഫീസര്‍മാരുടെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെയും പ്രവര്‍ത്തനം ഡെപ്യൂട്ടി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഹര്‍ഷില്‍ ആര്‍ മീണ വിലയിരുത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലിസ് സജ്ജീകരണം ജില്ല പോലീസ് മേധാവി ആര്‍ ആനന്ദ് വിശദീകരിച്ചു. തിരഞ്ഞെടുപ്പ് ജോലിക്കായി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. പ്രശ്‌ന ബാധിത ബൂത്തുകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. പൊലിസ് റൂട്ട് മാര്‍ച്ച്, ജില്ല അതിര്‍ത്തി, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് പരിശോധന ഊര്‍ജിതമാക്കിയതായും അദ്ദേഹം അറിയിച്ചു.
ജില്ലയിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തില്‍ പി ബി നൂഹ് തൃപ്തി രേഖപ്പെടുത്തി. സ്ഥാനാര്‍ഥികളുടെ സമൂഹ മാധ്യമം വഴിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാണെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടപെടരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. തുടര്‍ന്ന് കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം, എംസിഎംസി മീഡിയ സെല്‍ എന്നിവയുടെ പ്രവര്‍ത്തനം വിലയിരുത്തി. ആറന്മുള മണ്ഡലത്തിലെ മൈലപ്ര മൗണ്ട് ബഥേനി സ്‌കൂളിലെ വോട്ടിംഗ് വിതരണ കേന്ദ്രം പി.ബി നൂഹിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. ജില്ലയില്‍ പൊതുനിരീക്ഷകര്‍, പോലീസ് നിരീക്ഷന്‍, ചെലവ് നിരീക്ഷന്‍ എന്നിവരുമായും അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍, ഡെപ്യൂട്ടി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കൂടിക്കാഴ്ച്ച നടത്തി.
 

date