സ്ഥാനാര്‍ഥികളുടെ സാമൂഹിക മാധ്യമ പ്രചാരണത്തിനും സര്‍ട്ടിഫിക്കേഷന്‍ വേണം
സ്ഥാനാര്‍ഥികളുടെ സാമൂഹിക മാധ്യമം വഴിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാണെന്ന് അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പി ബി നൂഹ് അറിയിച്ചു. സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ നിരവധി പോസ്റ്ററും റീല്‍സും ഉള്‍പ്പെടെ സ്ഥാനാര്‍ഥികള്‍ അപ്‌ലോഡ് ചെയ്യുന്നുണ്ട്. സര്‍ട്ടിഫിക്കേഷന്‍ ഇല്ലാതെ ഇവ പ്രസിദ്ധപ്പെടുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. ജില്ല ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന് ഉദ്യോഗസ്ഥരുടെ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് നിര്‍ദേശം.
സ്ഥാനാര്‍ഥികളോ പ്രവര്‍ത്തകരോ എതിര്‍ സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രചാരണം നടത്തിയാലും നടപടി സ്വീകരിക്കും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ പൊലിസിനെ ചുമതലപ്പെടുത്തി. മാധ്യമങ്ങളില്‍ പരസ്യം പ്രസിദ്ധീകരിക്കും മുമ്പ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി നിര്‍ബന്ധമാണ്. ഇതിനൊപ്പമാണ് സാമൂഹിക മാധ്യമ പ്രചാരണത്തിനും സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നത്.
- Log in to post comments