തിരഞ്ഞെടുപ്പ് നിരീക്ഷകർ സ്ഥാനാർത്ഥികളുമായും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ചർച്ച നടത്തി
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെത്തിയ തിരഞ്ഞെടുപ്പ് നിരീക്ഷകർ സ്ഥാനാർത്ഥികളുമായും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം, ക്രമസമാധാന പാലനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് യോഗം ചേർന്നത്. ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തൃപ്തികരമാണെന്നും മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ മികച്ച സഹകരണമാണ് നൽകുന്നതെന്നും നിരീക്ഷകർ പറഞ്ഞു.
പൊതുനിരീക്ഷകൻ മോഹൻഗാന്ധി, പോലീസ് നിരീക്ഷകൻ അവിജിത്ത് ബാനർജി, ചെലവ് നിരീക്ഷകരായ പ്രശാന്ത് കുമാർ ഝാ, യോഗീത ശർമ്മ, ജില്ലാ കളക്ടർ കെ. ഇമ്പശേഖർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളോ ആക്ഷേപങ്ങളോ ഉള്ളവർക്ക് എല്ലാ ദിവസവും രാവിലെ ഒൻപത് മുതൽ 10വരെ ആലപ്പുഴ ഗവൺമെന്റ് ഗസ്റ്റ് ഹൗസിലും എൻ.ടി.പി.സി ഗസ്റ്റ് ഹൗസിലുമായി താമസിക്കുന്ന നിരീക്ഷകരെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കാം. പരാതികൾക്കായി സി വിജിൽ ആപ്പും, റാലികൾക്കും പൊതുയോഗങ്ങൾക്കും അനുമതി തേടുന്നതിനായി 'സുവിധ' പോർട്ടലും പ്രയോജനപ്പെടുത്തണം. തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താൻ സാധ്യതയുള്ള വ്യക്തികളെക്കുറിച്ചോ പ്രശ്‌നബാധിത പ്രദേശങ്ങളെക്കുറിച്ചോ ഉള്ള വിവരങ്ങൾ കൈമാറാവുന്നതാണെന്നും ഇത്തരം സ്ഥലങ്ങളിൽ സേനയെ വിന്യസിക്കുന്നതിനോ മറ്റ് നടപടികൾ സ്വീകരിക്കുന്നതിനോ വേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് പോലീസ് നിരീക്ഷകൻ അറിയിച്ചു. ഒരു സ്ഥാനാർത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക കൃത്യമായി പാലിക്കണമെന്നും ചെലവ് വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും ചെലവ് നിരീക്ഷകൻ നിർദ്ദേശിച്ചു. സുതാര്യവും ഭയരഹിതവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാവിധ സംശയങ്ങൾക്കും സഹായങ്ങൾക്കും ബന്ധപ്പെട്ട വകുപ്പുകളും ജില്ലാ ഭരണകൂടവും ഒപ്പം ഉണ്ടാകുമെന്നും ജില്ലാ കളക്ടർ കെ. ഇമ്പശേഖർ പറഞ്ഞു.
അരൂർ, ആലപ്പുഴ, അമ്പലപ്പുഴ, ചേർത്തല, കുട്ടനാട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുമായുള്ള കൂടി കാഴ്ചയാണ് നടന്നത്. ശേഷം സ്ഥാനാർഥികൾക്കും ഏജന്റുമാർക്കും തിരഞ്ഞെടുപ്പ് ചെലവ് കണക്കുകൾ എഴുതി സൂക്ഷിക്കുന്നതിൽ വിശദമായ പരിശീലനം നൽകി.
പരിപാടിയുടെ തുടർച്ചയായി ഹരിപ്പാട്, കായംകുളം, ചെങ്ങന്നൂർ, മാവേലിക്കര മണ്ഡലങ്ങളിലെ സ്ഥാനാർഥികളുമായുള്ള കൂടിക്കാഴ്ച ഇന്ന് (മാർച്ച് 29) രാവിലെ 10.30-ന് തഴക്കര ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും.
ജില്ലാ പ്ലാനിങ് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ നിരീക്ഷകരായ മോഹൻഗാന്ധി, അവിജിത്ത് ബാനർജി, പ്രശാന്ത് കുമാർ ഝാ, യോഗീത ശർമ്മ, ജില്ലാ കളക്ടർ കെ. ഇമ്പശേഖർ, സ്ഥാനാർത്ഥികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments