Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടവകാശത്തിന്റെ പ്രാധാന്യംഅറിയിച്ച് സൈക്കിൾ റാലി

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി സൈക്കിൾ റാലി സംഘടിപ്പിച്ചു. 'പെഡൽ ചെയ്യൂ ഭാവികെട്ടിപ്പടുക്കൂ' എന്ന മുദ്രാവാക്യവുമായി സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൈക്കിൾ റാലി സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു. സിവിൽ സ്റ്റേഷൻ മുതൽ ആലപ്പുഴ ബീച്ച് വരെയാണ് റാലി നടത്തിയത്.

തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം നൂറ് ശതമാനം ഉറപ്പുവരുത്തുക, വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ഏപ്രിൽ എട്ടുവരെ വിവിധ പരിപാടികളാണ് സ്വീപ് സംഘടിപ്പിച്ചുവരുന്നത്.

ആലപ്പുഴ ജില്ലാ സൈക്ലിംഗ് അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി സാംസൺ കെ ജെ യുടെ നേതൃത്വത്തിലുള്ള ആലപ്പി സൈക്ലിംഗ് ക്ലബിന്റെയും ആലപ്പി ബൈക്കേഴ്സ് ക്ലബിന്റെയും അംഗങ്ങളാണ് സൈക്കിൾ റാലിയിൽ പങ്കെടുത്തത്. സ്വീപ് ജില്ലാ നോഡൽ ഓഫീസർ എസ് രഞ്ജിത്ത്, സ്വീപ് ജില്ലാ നോഡൽ ടീമാംഗങ്ങൾ ആയ വിനിത റെഡ്ഡി,മുഹമ്മദ് അഫ്‌സൽ എന്നിവർ നേതൃത്വം നൽകി.

date