നിയമസഭാ തിരഞ്ഞെടുപ്പ്: എസ് എം എസ്, ശബ്ദസന്ദേശങ്ങൾ എന്നിവക്ക് മുൻകൂർ അനുമതി വാങ്ങണം
നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി എസ് എം എസ്സുകളിലൂടെയും ശബ്ദസന്ദേശങ്ങളിലൂടെയും രാഷ്ട്രീയപരസ്യങ്ങൾ നൽകുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം മുന്‍കൂര്‍ അംഗീകാരം വാങ്ങണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബൾക്ക് എസ്എംഎസുകളുടെയും റെക്കോർഡ് ചെയ്ത ശബ്ദ സന്ദേശങ്ങളുടെയും വർദ്ധിച്ചുവരുന്ന ഉപയോഗം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് പരസ്യങ്ങളുടെ പ്രീ-സർട്ടിഫിക്കേഷന്റെ പരിധിയിൽ ഫോണിലെ ഇവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ മീഡിയ സര്ട്ടിഫിക്കേഷന് ആന്റ് മോണിട്ടറിംഗ് കമ്മിറ്റിക്ക് ഇതിനായി നിശ്ചിത മാതൃകയിലാണ് (ഫോം അനക്സർ എ) അപേക്ഷ നല്‍കേണ്ടത്. അപേക്ഷയോടൊപ്പം പരസ്യത്തിന്റെ ഡിജിറ്റല്‍ പതിപ്പിന്റെയും സ്ക്രിപ്റ്റിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ടു പകര്‍പ്പുകളും സമര്‍പ്പിക്കണം. പരസ്യം തയ്യാറാക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള ചെലവ് ഉള്‍പ്പെടെ അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കണം. കളക്ടറേറ്റ് കോമ്പൗണ്ടിലുള്ള ജില്ലാ പഞ്ചായത്ത് ഹാളിൽ പ്രവർത്തിക്കുന്ന എംസിഎംസി സെൻ്ററിലാണ് അപേക്ഷ നല്‍കേണ്ടത്. മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിട്ടറിംഗ് കമ്മിറ്റിയുടെ ഫോണ്‍ നമ്പർ: 0477 – 2251349, 9447517365. ഇമെയില്‍: mcmcalpy1@gmail.com
- Log in to post comments