ആന്റി ഡീഫേസ്മെന്റ്, ഫ്ലൈയിംഗ് സ്ക്വാഡുകളെ തടഞ്ഞാൽ കർശന നടപടി
ജില്ലയിൽ മാതൃകാപെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന് നിയോഗിക്കപ്പെട്ട ആന്റി ഡീഫേസ്മെന്റ്, ഫ്ലൈയിംഗ് സ്ക്വാഡുകളുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കാൻ ജില്ലാ ഇലക്ഷൻ ഓഫീസർ നിർദ്ദേശിച്ചു.
അനധികൃതമായും മാതൃകാ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായും സ്ഥാപിക്കപ്പെട്ടിട്ടുള്ള തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ, ഹോർഡിങ്ങുകൾ എന്നിവ നീക്കം ചെയ്യുന്ന സ്ക്വാഡുകളെ ജില്ലയിലെ ഏതാനും നിയോജക മണ്ഡലത്തിലെ രാഷ്ട്രീയ പ്രവർത്തകർ തടഞ്ഞ സംഭവത്തെ തുടർന്ന് ജില്ലാ കളക്ടർ ആന്റി ഡീഫേസ്മെന്റ് സ്ക്വാഡുകളുടെ പ്രത്യേക യോഗം വിളിച്ചു. പൊതു ഇടങ്ങളിലും സ്വകാര്യഭൂമിയിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള എല്ലാ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളും കക്ഷിരാഷ്ട്രീയ ഭേദമന്യേ നീക്കം ചെയ്യുവാൻ നിർദ്ദേശിച്ച ജില്ലാ കളക്ടർ സ്ക്വാഡുകൾക്ക് സുരക്ഷ ഒരുക്കുവാൻ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കുമെന്ന് അറിയിച്ചു. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുവാൻ എം.സി.സി. ആൻഡ് സി.വിജിൽ ജില്ലാ നോഡൽ ഓഫീസർക്ക് നിർദ്ദേശം നൽകി.
ഉടമസ്ഥന്റെ സമ്മതവും പ്രിന്ററുടെയും പബ്ലിഷറുടെയും പേരുവിവരങ്ങൾ ഇല്ലാത്തതും ഹരിതചട്ടം പാലിക്കാത്തതുമായ സ്വകാര്യ/പൊതു ഭൂമിയിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സുകൾ, മതപുരോഹിതന്മാർ, ആരാധനാലയങ്ങൾ എന്നിങ്ങനെയുള്ള പശ്ചാത്തലത്തിൽ സ്ഥാപിച്ചിട്ടുള്ള വോട്ട് അഭ്യർത്ഥനാ ബോർഡുകൾ, അനധികൃത വൈദ്യുതി ഉപയോഗം, പൊതുജനങ്ങൾക്കും ഗതാഗതത്തിനും തടസ്സമുണ്ടാക്കൽ തുടങ്ങിയ പെരുമാറ്റച്ചട്ട ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആന്റി ഡീഫെയ്സ്മെന്റ്/ ഫ്ലൈയിംഗ് സ്ക്വാഡുകൾ സ്വമേധയാ നടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
ഇലക്ഷൻ കമ്മീഷൻ അനുവദിച്ചിട്ടുള്ളതിലും അധികമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുക ചെലവഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഈ തുക സ്ഥാനാർത്ഥിയുടെ ഇലക്ഷൻ അക്കൗണ്ടിൽ ചേർക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നതാണ്. ജില്ലാ കളക്ടർ കെ.ഇമ്പശേഖർ, ജില്ലാ എം.സി.സി & സി.വിജിൽ നോഡൽ ഓഫീസർ, ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളിലെയും ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡ് അംഗങ്ങൾ, നഗരസഭാ സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments