വേനല്‍ച്ചൂടിനൊപ്പം തിരഞ്ഞെടുപ്പ് ചൂടും: ആരോഗ്യത്തില്‍ ശ്രദ്ധവേണമെന്ന് ഡി എം ഒ
ജില്ലയില്‍ ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരും വോട്ടര്‍മാരും ആരോഗ്യത്തിലും അല്‍പം ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. കനത്ത ചൂടില്‍ നിര്‍ജ്ജലീകരണ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. തിളപ്പിച്ചാറ്റിയതും ശുദ്ധമായ ജലത്തില്‍ തയ്യാറാക്കിയതുമായ പാനീയങ്ങള്‍ കുടിക്കാന്‍ ഉപയോഗിക്കുക. ഉപ്പിട്ട നാരങ്ങാ വെള്ളം, കഞ്ഞി വെള്ളം, സംഭാരം എന്നിവ കുടിക്കുന്നത് നിര്‍ജ്ജലീകരണ സാധ്യത കുറയ്ക്കും.
രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വെയിലത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കാനും ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും ശ്രദ്ധിക്കണം. പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം
തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ സ്ഥിരമായി കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ കയ്യില്‍ കരുതുകയും കൃത്യസമയത്ത് കഴിക്കുകയും വേണം.
രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവര്‍ ചികിത്സാ വിവരങ്ങള്‍, കഴിക്കുന്ന മരുന്നുകള്‍, ഇന്‍സുലിന്‍ ഡോസ് എന്നിവ എഴുതിയത് കയ്യില്‍ കരുതണം.
ചെറിയ ശാരീരിക അസ്വസ്ഥതകള്‍ പോലും അവഗണിക്കരുത്. മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. കുഴഞ്ഞു വീഴല്‍ പോലെയുള്ള അടിയന്തിര ഘട്ടങ്ങളില്‍ ആരോഗ്യ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുക. പോളിംഗ് സാമഗ്രി വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
സൂര്യാഘാതം - പ്രഥമ ശുശ്രൂഷ
വെയിലുള്ള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കുക
ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക.
തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. ഫാന്‍, എസി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക. ആംബുലന്‍സ് സഹായം തേടുക.
ആരോഗ്യസ്ഥിതി മെച്ചപ്പെടാതിരിക്കുക, ബോധക്ഷയം ഉണ്ടാവുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ഉറപ്പുവരുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 1056
- Log in to post comments