അത്യുഷ്ണം: പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്; ജനങ്ങൾ സ്വയം ലോക്ഡൗൺ ചെയ്യണം: ജില്ലാ കളക്ടർ
ഉയർന്ന താപനിലയും അന്തരീക്ഷ ഈർപ്പവും മൂലം അത്യുഷ്ണം അനുഭവപ്പെടുന്ന സാഹചര്യത്തിൽ പകൽ സമയത്ത് ജനങ്ങൾ സ്വയം ലോക്ഡൗൺ ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ നിർദേശിച്ചു. പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങുന്നതും കൂടുതൽ സമയം ശരീരത്തിൽ വെയിലേൽക്കുന്നതും പരമാവധി ഒഴിവാക്കണം. ലോക്ഡൗണിന് സമാനമായ ജാഗ്രത ഈ ഘട്ടത്തിൽ ആവശ്യമാണ്. ചൂടിലെ വർദ്ധനവ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാനും മരണത്തിന് വരെ കാരണമായേക്കാവുന്നതുമാണ്. തീരദേശ ജില്ലയായതിനാൽ അന്തരീക്ഷത്തിലെ ഈർപ്പം കൂടുതലായിരിക്കുകയും അതുമൂലം നമുക്ക് അനുഭവഭേദ്യമാകുന്ന ചൂട് താപസൂചിക റിപ്പോർട്ട് ചെയ്യപ്പെടുന്ന താപനിലയെക്കാൾ വളരെ ഉയർന്നതായിരിക്കും. അതുകൊണ്ട് തന്നെ സുരക്ഷാ നിർദേശങ്ങളെ ഗൗരവമായി കാണേണ്ടതാണെന്നും പൊതുജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ജാഗ്രത നിർദേശങ്ങൾ:
*ഹൃദ്രോഗം. പ്രമേഹം, ചർമരോഗങ്ങൾ, കാൻസർ പോലgള്ള ആരോഗ്യപ്രശ്നങ്ങളുള്ളവരും പ്രായമായവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ, ആൽബനിസം പോലെയുള്ള അവസ്ഥയുള്ളവരും പുറത്തിറങ്ങുന്നത് നിർബന്ധമായും ഒഴിവാക്കണം. ഉഷ്ണം ഇവരുടെ ആരോഗ്യാവസ്ഥ കൂടുതൽ വഷളാക്കും. വീടിനകത്തും ഇവർക്ക് പ്രത്യേക ശ്രദ്ധ ഉറപ്പാക്കുക.
*വീടിനും തൊഴിലിടത്തിനും അകത്തും പുറത്തും ശുദ്ധജലം ധാരാളമായി കുടിക്കുക. വായുസഞ്ചാരം ഉറപ്പാക്കാനും ശരീരം തണുപ്പിക്കാനും ശ്രമിക്കണം.
*പുറംപണികളിൽ ഏർപ്പെടുന്നത് പകൽ സമയത്ത് പൂർണ്ണമായി ഒഴിവാക്കണം.
*വീട്ടുജോലിയിൽ ഉൾപ്പെടെ ഏർപ്പെടുന്നവർ കൃത്യമായ ഇടവേളകളിൽ അൽപസമയം വിശ്രമിക്കാനും ശ്രദ്ധിക്കണം.
*ഒഴിവാക്കാൻ സാധിക്കാത്ത ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവർ നിർബന്ധമായും കുട ഉപയോഗിക്കണം. പാദരക്ഷകൾ ധരിക്കണം. സൺഗ്ലാസ് ഉപയോഗിക്കാൻ സാധിക്കുന്നവർ അതുപയോഗിക്കണം. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്.
*തളർച്ച അനുഭവപ്പെട്ടാൽ ഉടനെ വൈദ്യസഹായം തേടണം. മറ്റാരെയെങ്കിലും അത്തരം സാഹചര്യത്തിൽ കാണുകയാണെങ്കിൽ അവരെ തണലിലേക്ക് മാറ്റി കിടത്തുകയും ശരീരം തണുപ്പിക്കാൻ ശ്രമിക്കുകയും ഉടനടി വൈദ്യസഹായം നൽകുകയും ചെയ്യേണ്ടതാണ്.
*ധാരാളം വെള്ളം കുടിക്കാനും വിശ്രമിക്കാനും പോഷക സമൃദ്ധമായതും നിർജ്ജലീകരണം ഉണ്ടാക്കാത്തതുമായ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക.
*കന്നുകാലികൾക്കും മറ്റ് വളർത്തുമൃഗങ്ങൾക്കും വെള്ളവും തണലും ഉറപ്പാക്കണം.
*ഹോട്ടലുടമകൾ, കുടുംബശ്രീ, യുവജന-സാംസ്‌കാരിക സംഘടനകൾ, ക്ലബുകൾ, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുമായി സഹകരിച്ചുകൊണ്ട് കുടിവെള്ള വിതരണം ഉറപ്പാക്കണം. കൃത്യമായ ഇടവേളകളിൽ ഇത്തരം സൗകര്യങ്ങൾ ശുചീകരിക്കുകയും വെള്ളത്തിൻ്റെ ഗുണമേന്മ ഉറപ്പാക്കുകയും വേണം
*വിശ്രമിക്കാനുള്ള തണൽ ഇടങ്ങളും തണ്ണീർ പന്തലുകളും ഒരുക്കാൻ ശ്രമിക്കണം.
*തുറസ്സായ സ്ഥലത്തുള്ള പൊതുയോഗങ്ങൾ, കലാകായിക പരിപാടികൾ, സെലക്ഷൻ പ്രോസസ്സുകൾ, തൊഴിൽമേളകൾ തുടങ്ങി എല്ലാം പുറംപരിപാടികളും പകൽ 11 മുതൽ 3 വരെയുള്ള സമയങ്ങളിൽ കർശനമായി ഒഴിവാക്കണം.
*ഉത്സവങ്ങളുമായി ബന്ധപ്പെട്ട പരിപാടികളും സമയക്രമീകരണം നടത്തണം. തീപിടുത്ത സാധ്യത വർദ്ധിക്കുമെന്നതിനാൽ തന്നെ അതീവജാഗ്രത ഉത്സവങ്ങളുമായും മറ്റ് പൊതുപരിപാടികളുമായും ബന്ധപ്പെട്ടും വ്യാപാര മേഖലയിലും പുലർത്തേണ്ടതാണ്. വെടിക്കെട്ടുകൾ, ആന എഴുന്നള്ളിപ്പ് പോലെയുള്ളവ ഒഴിവാക്കണം.
*മൃഗങ്ങൾക്കും കഠിന ചൂട് അസ്വസ്ഥതകൾ സൃഷ്ടിക്കുമെന്നതിനാൽ വന്യജീവി ആക്രമണം, തെരുവ് നായ ആക്രമണം എന്നിവ വർദ്ധിക്കാനുള്ള സാധ്യത മുന്നിൽ കാണണം. വളർത്തു മൃഗങ്ങൾക്കും അലഞ്ഞു തിരിയുന്ന മൃഗങ്ങൾക്കും വെള്ളവും ഭക്ഷണവും നൽകാൻ ശ്രദ്ധിക്കണം. വീട്ടിലെ മൃഗങ്ങൾക്ക് തണൽ ഒരുക്കുകയും പകൽ സമയത്ത് മേയാൻ വിടുന്നത് ഒഴിവാക്കുകയും ചെയ്യണം.
*ഉഷ്ണതരംഗ മുന്നറിയിപ്പിനെ വളരെ ഗൗരവത്തോടെ കാണുകയും കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുകയും വേണം. ആരോഗ്യം, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകൾക്കും പൊലീസിനും ഇത് സംബന്ധിച്ച പ്രത്യേക നിർദേശങ്ങളും ജില്ലാ കളക്ടർ നൽകിയിട്ടുണ്ട്.
- Log in to post comments