കുട്ടനാട്ടിലെ നെല്ലില്‍ ഘന മൂലക സാന്നിദ്ധ്യമില്ലെന്ന് പഠന റിപ്പോര്‍ട്ട്
കുട്ടനാട്ടിലെ നെല്ലില്‍ ഘനമൂലക സാന്നിദ്ധ്യമില്ലെന്ന് കേരള സെന്റര്‍ ഫോര്‍ പെസ്റ്റ് മാനേജ്‌മെന്റിന്റെ പഠന റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ രണ്ടാം കൃഷിയില്‍ കുട്ടനാട്ടിലെ പുളിങ്കുന്ന്, ചമ്പക്കുളം, നെടുമുടി, പുറക്കാട് പഞ്ചായത്തുകളിലെ വ്യത്യസ്ത പാടശേഖരങ്ങളില്‍ നിന്നും വിളവെടുത്ത നെല്ലില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വെള്ളായണി കാര്‍ഷിക കോളേജില്‍ അയച്ചുകൊടുത്താണ് ഈ പഠനം നടത്തിയത്.
നെല്‍ച്ചെടി മണ്ണില്‍ നിന്നും പ്രാഥമിക, ദ്വിതീയ, സൂക്ഷ്മ മൂലകങ്ങള്‍ ഏതേതളവില്‍ ആഗിരണം ചെയ്യുന്നു? ഘനമൂലകങ്ങള്‍ ആഗിരണം ചെയ്യുന്നുണ്ടോ എന്നീ വസ്തുതകള്‍ ശാസ്ത്രീയമായി മനസ്സിലാക്കുന്നതിനായി വ്യത്യസ്ത പാടശേഖരങ്ങളില്‍ നിന്നും നെല്‍ച്ചെടിയുടേയും കൊയ്ത്തിനുശേഷം നെന്‍മണികളുടേയും സാമ്പിളുകള്‍ ശേഖരിച്ചു മൂലക ആഗിരണ പരിശോധനകള്‍ നടത്തുകയായിരുന്നു. പരിശോധനാ ഫലങ്ങളില്‍ ഒരു സാമ്പിളിലും തന്നെ ഘനമൂലകങ്ങളായ കാഡ്മിയം, നിക്കല്‍, മെര്‍ക്കുറി എന്നിവയുടെ സാന്നിധ്യം കണ്ടെത്താനായില്ല. മണ്ണില്‍ നിന്നുള്ള മൂലക ആഗിരണത്തിന്റെ തോത് പരിശോധിച്ചതില്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം, സള്‍ഫര്‍, എന്നീ പ്രാഥമിക ദ്വിതീയ മൂലകങ്ങള്‍ ആവശ്യമായ അളവില്‍ ഇലകളിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതായി കണ്ടെത്തി. സൂക്ഷ്മ മൂലകങ്ങളായ ഇരുമ്പ്, മാംഗനീസ്, സിങ്ക്, കോപ്പര്‍, ബോറോണ്‍ എന്നിവ ആവശ്യമായതിലും കൂടിയ അളവില്‍ ഇലകളില്‍ ശേഖരിക്കപ്പെട്ടിട്ടുള്ളതായി പരിശോധനാഫലങ്ങളില്‍ തെളിഞ്ഞു. എന്നാല്‍ മോളിബ്ഡിനം, സിലിക്കണ്‍ എന്നീ മൂലകങ്ങള്‍ ആവശ്യമായതിലും വളരെ ചെറിയ തോതില്‍ മാത്രമേ ചെടികള്‍ക്ക് ലഭ്യമായിട്ടുള്ളൂ എന്ന് വ്യക്തമായി. 10-20 പി.പി.എം ( പാര്‍ട്ട്‌സ് പെര്‍ മില്യണ്‍) എന്ന അളിവിലെങ്കിലും മോളിബ്ഡിനം ഇലകളില്‍ ഇല്ലെങ്കില്‍ ഈ മൂലകത്തിന്റെ ദൗര്‍ലഭ്യം ഉണ്ട് എന്നു പറയാം.
പരിശോധനയ്‌ക്കെടുത്ത സാമ്പിളുകളില്‍ ഏറ്റവും അധികം മോളിബ്ഡിനം കണ്ടെത്തിയ സാമ്പിളില്‍പോലും 1.1 പി.പി.എം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതായത് ആവശ്യമുള്ളതിന്റെ പത്തിലൊന്ന് മാത്രം. അമ്ലതയുള്ള മണ്ണിനങ്ങളില്‍ ദൗര്‍ലഭ്യം അനുഭവപ്പെടുന്ന മൂലകമാണ് മോളിബ്ഡിനം.സിലിക്കണ്‍ ആണ് നെല്‍ച്ചെടിയില്‍ ഏറ്റവുമധികം കാണപ്പെടേണ്ടതായ മൂലകം. പ്രാഥമിക മൂലകമായ നൈട്രൈജന്റെ ഇലകളില്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ അളവ് 2% ആണെന്നിരിക്കെ സിലിക്കണ്‍ ഏറ്റവും കുറഞ്ഞത് 5% എങ്കിലും ഉണ്ടായിരിക്കണം. എന്നാല്‍ കുട്ടനാട്ടില്‍ നിന്നും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച ഇല സാമ്പിളുകളില്‍ സിലിക്കണിന്റെ ശരാശരി അളവ് 0.0070 ശതമാനത്തിലും താഴെയാണ്. അതായത് ആവശ്യമുള്ളതിലും 99.99 % ന്റെ കുറവ്. കാലാവസ്ഥാ വ്യതിയാനം, മണ്ണിന്റെ അധിക അമ്ലത, ലവണാംശം, കീട-രോഗങ്ങള്‍ എന്നിവയെ എല്ലാം പ്രതിരോധിക്കുന്നതിനും ഒപ്പം ചെടി മറിഞ്ഞു വീഴാതിരിക്കുന്നതിനും (ലോഡ്ജിംഗ്) നിശ്ചിത അളവില്‍ സിലിക്കണ്‍ ചെടിയില്‍ അനിവാര്യമാണ്. ചുരുക്കത്തില്‍ കുട്ടനാട്ടിലെ നെല്‍കൃഷിയില്‍ സിലിക്കണ്‍, മോളിബ്ഡിനം മൂലകങ്ങളുടെ വലിയ തോതിലുള്ള ദൗര്‍ലഭ്യമാണ് ഇലയുടെ മൂലക പരിശോധനയില്‍ നിന്നും വ്യക്തമായത്. ഇതില്‍ മോളിബ്ഡിനം ഒരു സൂക്ഷ്മ മൂലകമാകയാല്‍ കൃത്യമായ അളവിലുള്ള തളിവള പ്രയോഗത്തിലൂടെ ദൗര്‍ലഭ്യം പരിഹരിക്കാവുന്നതാണ്. സിലിക്കണ്‍ ദൗര്‍ലഭ്യം, പരിഹരിക്കുന്നതിന് കുമ്മായ വസ്തുവായി കാല്‍സ്യം സിലിക്കേറ്റ് ശുപാര്‍ശ ചെയ്ത അളവില്‍ പ്രയോഗിക്കാവുന്നതാണെന്ന് സംസ്ഥാന കീട നിരീക്ഷണകേന്ദ്രം പ്രോജക്റ്റ് ഡയറക്ടര്‍ അറിയിച്ചു.
- Log in to post comments