Skip to main content

കഞ്ഞിക്കുഴിയിൽ തെങ്ങ് കർഷകർക്ക് സൗജന്യ വളം വിതരണം

നാളികേര വികസന ബോർഡും കഞ്ഞിക്കുഴി പഞ്ചായത്ത് കൃഷിഭവനും സംയുക്തമായി നടപ്പിലാക്കുന്ന നാളികേര കർഷകർക്കുള്ള സൗജന്യ വളം വിതരണ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് 14 -ാം വാർഡിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ നിർവഹിച്ചു. എല്ലുപൊടി, വേപ്പിൻ പിണാക്ക്, കുമ്മായം എന്നിവയാണ് കർഷകർക്ക് പദ്ധതിയിലൂടെ നൽകുന്നത്. ആദ്യ ഘട്ടത്തിൽ പഞ്ചായത്തിൽ തെങ്ങ് കൃഷി ചെയ്യുന്ന മുഴുവൻ പട്ടികജാതി കുടുംബങ്ങൾക്കും വളം നൽകും. രണ്ടാം ഘട്ടത്തിൽ പഞ്ചായത്തിലെ മറ്റ് കർഷകർക്കും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കും. പന്ത്രണ്ടായിരത്തിലേറെ തെങ്ങുകൾക്കാണ് മൂന്നിനം വളം നൽകുന്നത്. 
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം സന്തോഷ്കുമാർ അധ്യക്ഷനായി. കൃഷി ഓഫീസർ റോസ്മി ജോർജ് പദ്ധതി വിശദീകരിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ആർ അശ്വിൻ, ജി മുരളി, കെ വി വിജിമോൾ പഞ്ചായത്തംഗങ്ങളായ പി ടി ശശിധരൻ, സജിത ബൈജു, പി മുരളി, കർമ്മസേന കൺവീനർ ജി ഉദയപ്പൻ തുടങ്ങിയവർ പങ്കെടുത്തു.

date