Skip to main content

കോടംതുരുത്ത് വില്ലേജിൽ ഡിജിറ്റൽ സർവ്വേ പൂർത്തിയായി

ചേർത്തല താലൂക്കിൽ കോടംതുരുത്ത് വില്ലേജിൽ വരുന്ന പ്രദേശങ്ങളിലെ ഡിജിറ്റൽ സർവ്വേ കേരള സർവ്വേയും അതിരടയാളവും ആക്ട് 9(1) പ്രകാരം പൂർത്തിയാക്കിയിട്ടുണ്ട്. ഇപ്രകാരം തയ്യാറാക്കിയിട്ടുള്ള സർവ്വേ റെക്കോർഡുകൾ എന്റെ ഭൂമി പോർട്ടലിലും കോടംതുരുത്ത് വില്ലേജ് ഓഫീസിന് മുകളിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ സർവ്വേ ക്യാമ്പ് ഓഫീസിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ഭൂവുടമസ്ഥർക്ക് http://entebhoomi.kerala.gov.in പോർട്ടൽ സന്ദർശിച്ച് തങ്ങളുടെ ഭൂമിയുടെ രേഖകൾ ഓൺലൈനായി പരിശോധിക്കാം. കൂടാതെ കോടംതുരുത്ത് വില്ലേജ് ഓഫീസിന് മുകളിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ സർവ്വേ ക്യാമ്പ് ഓഫീസിൽ സജ്ജീകരിച്ചിട്ടുള്ള സംവിധാനം പ്രയോജനപ്പെടുത്തി പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് റെക്കോർഡുകൾ പരിശോധിക്കാവുന്നതാണ്. 

പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സർവ്വേ റെക്കോർഡുകളിൽമേൽ ആക്ഷേപമുള്ള പക്ഷം 30 ദിവസങ്ങൾക്കകം, ചെങ്ങന്നൂർ റീസർവ്വേ അസിസ്റ്റന്റ് ഡയറക്ടർക്ക് ഫോറം 160 ൽ നേരിട്ടോ എന്റെ ഭൂമി പോർട്ടൽ മുഖേന ഓൺലൈനായോ അപ്പീൽ സമർപ്പിക്കാവുന്നതാണ്. 

നിശ്ചിത ദിവസങ്ങൾക്കകം അപ്പീൽ സമർപ്പിക്കാത്ത പക്ഷം റീസർവ്വേ റെക്കോർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ഉടമസ്ഥരുടെ പേരുവിവരം, അതിരുകൾ, വിസ്തീർണ്ണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് സർവ്വേ അതിരടയാള നിയമം വകുപ്പ് (13) അനുസരിച്ചുള്ള അന്തിമ വിജ്ഞാപനം പരസ്യപ്പെടുത്തി റെക്കോർഡുകൾ അന്തിമമാക്കുന്നതാണ്.

 സർവ്വേ സമയത്ത് തർക്കം ഉന്നയിച്ച് സർവ്വേ അതിരടയാള നിയമം വകുപ്പ് (10) ഉപവകുപ്പ് (2) പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂവുടമകൾക്ക് ഈ അറിയിപ്പ് ബാധകമായിരിക്കുന്നതല്ല

date