Skip to main content
പത്തനംതിട്ട ജില്ലാ കലക്ടറായി ചുമതലയേറ്റ എ നിസാമുദ്ദീൻ

എ നിസാമുദീന്‍ ജില്ല കലക്ടറായി ചുമതലയേറ്റു

പത്തനംതിട്ട ജില്ലയുടെ 39-ാമത് കലക്ടറായി എ നിസാമുദീന്‍ ചുമതലയേറ്റു. ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി സ്ഥലം മാറിപോകുന്ന മുന്‍ ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പുതിയ കലക്ടര്‍ക്ക് ചുമതല കൈമാറി. 2024 ജൂലൈ മുതല്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) ഡയറക്ടറാണ് നിസാമുദ്ദീൻ.

ജില്ല ഭരണകൂടം നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകുമെന്ന് ജില്ല കലക്ടര്‍ എ നിസാമുദീന്‍ പറഞ്ഞു. ഔദ്യോഗിക ജീവിതം ആരംഭിച്ച പത്തനംതിട്ട ജില്ലയില്‍ തന്നെ കലക്ടറായി എത്തിയതിന്റെ സന്തോഷവും അദ്ദേഹം പങ്കിട്ടു. 1998 ല്‍ പത്തനംതിട്ടയില്‍ മണ്ണു പര്യവേഷണ ഓഫീസറായാണ് സര്‍ക്കാര്‍ സേവനം ആരംഭിക്കുന്നത്. കേരള സ്റ്റേറ്റ് ലാന്‍ഡ് യൂസ് ബോര്‍ഡ് കമ്മീഷണര്‍, കേരള സ്‌റ്റേറ്റ് റിമോട്ട് സെന്റിസിംഗ് ആന്റ് എന്‍വിയോണ്‍മെന്റ് സെന്റര്‍ ഡയറക്ടര്‍, മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ മിഷന്‍ ഡയറക്ടര്‍ തസ്തികകളില്‍ സേവനം അനുഷ്ഠിച്ചു. 2023 ല്‍ സിവില്‍ സര്‍വീസ് ലഭിച്ചു. 

തിരുവനന്തപുരം വെമ്പായം സ്വദേശിയാണ്. കൃഷി, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ എന്നിവയില്‍ ബിരുദാനന്തര ബിരുദവും നിയമത്തില്‍ ബിരുദവുമുണ്ട്. 2017 ല്‍ ചീഫ് മിനിസ്റ്റേഴ്‌സ് അവാര്‍ഡ് ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ പബ്ലിക് പോളിസിയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. 'വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി' പദ്ധതി വിജയകരമായി നടപ്പാക്കിയതിന് 2020 ല്‍ ഗുഡ് സര്‍വീസ് എന്‍ട്രി ലഭിച്ചു. എ എം ഷീനയാണ് ഭാര്യ. ആര്‍ക്കിടെക്ടായ ഫര്‍സീന്‍, കൊല്ലം ടി.കെ.എം. എന്‍ഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ഥികളായ ഫര്‍ഹാന്‍, ഫര്‍സാന്‍ എന്നിവരാണ് മക്കള്‍. മരുമകന്‍ ഫര്‍ഹാന്‍ മുഹമ്മദും ആര്‍ക്കിടെക്ടാണ്.

date