Skip to main content
കേരള മൈനോറിറ്റി കമ്മീഷൻ അംഗം എ.സൈഫുദ്ധീൻ ഹാജി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്ത്

*പള്ളിക്കൽ ഗവ. എൽ.പി സ്കൂൾ ഈ അദ്ധ്യയന വർഷം തന്നെ യു.പി സ്കൂളാക്കി ഉയർത്താൻ ന്യൂനപക്ഷ കമ്മീഷൻ ശുപാർശ*

 

എടവക പഞ്ചായത്തിലെ പള്ളിക്കൽ ഗവ. എൽ.പി സ്കൂൾ ഈ അദ്ധ്യയന വർഷം തന്നെ യു.പി സ്കൂളാക്കി ഉയർത്താൻ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ശുപാർശ. കമ്മീഷൻ അംഗ എ സൈഫുദ്ദീൻ ഹാജി  കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിങിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ഇത് സംബന്ധിച്ച ശുപാർശ നൽകിയത്. സ്കൂൾ വികസനം ആവശ്യപ്പെട്ട് കമ്മീഷന് ലഭിച്ച അപേക്ഷയിന്മേൽ വയനാട് വിദ്യാഭ്യാസ ഉപഡയറക്ടർ അനുകൂല മറുപടിയാണ് നൽകിയത്.

130 വർഷം പഴക്കമുള്ള പള്ളിക്കൽ ഗവ. എൽ.പി സ്കൂളിൽ 1962 വരെ അഞ്ചാം ക്ലാസ് വരെ പ്രവർത്തിച്ചിരുന്നെങ്കിലും പിന്നീട് സ്ഥലപരിമിതി മൂലം ഒഴിവാക്കപ്പെടുകയായിരുന്നു. നിലവിൽ 14 ഏക്കർ സ്ഥലം സ്വന്തമായുള്ള സ്കൂളിന് 21 ക്ലാസ് മുറികളും ഓഫീസ്, സ്റ്റാഫ് റൂം, ആവശ്യമായ ശുചിമുറികൾ, അടുക്കള എന്നിങ്ങനെയുള്ള എല്ലാ സൗക്യങ്ങളുമുണ്ട്. 11 ക്ലാസ് മുറികൾ ഇന്ററാക്ടീവ് എൽ.ഇ.ഡി പാനൽ സ്ഥാപിച്ച സ്മാർട്ട് ക്ലാസുകളാണ്. ഇതിന് പുറമെ വയനാട് പാക്കേജിൽ ഉൾപ്പെടുത്തി ആറ് ക്ലാസ് മുറികളുള്ള മറ്റൊരു കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. സമീപ പ്രദേശങ്ങളിലെ നാല് ഉന്നതികളിൽ നിന്നുള്ള കുട്ടികൾ ഉൾപ്പെടെ 286 കുട്ടികളാണ് കഴിഞ്ഞ വർഷം ഇവിടെ പഠിച്ചത്. ഇതേ സ്കൂളിൽ പ്രവർത്തിക്കുന്ന അംഗീകൃത പ്രീ-പ്രൈമറിയിൽ 146 കുട്ടികൾ നിലവിൽ പഠിക്കുന്നുമുണ്ട്. ഇവിടെ നാലാം ക്ലാസ് പഠനം പൂർത്തിയാക്കുന്ന കുട്ടികൾക്ക് നാല് കിലോമീറ്ററിലധികം യാത്ര ചെയ്താൽ മാത്രമേ തൊട്ടടുത്ത പ്രദേശങ്ങളിലെ മറ്റ് യു.പി സ്കൂളുകളിൽ എത്താനാവൂ. ഈ സാഹചര്യത്തിലാണ് പള്ളിക്കൽ ഗവ. എൽ.പി സ്കൂൾ ഈ വർഷം തന്നെ യു.പി സ്കൂളാക്കി ഉയർത്താൻ ന്യൂനപക്ഷ കമ്മീഷൻ ശുപാർശ ചെയ്തത്. 

നേരത്തെ സമർപ്പിക്കപ്പെട്ട നാല് പരാതികളും പുതിയതായി ലഭിച്ച ഒരു പരാതിയുമാണ് വെള്ളിയാഴ്ച ന്യൂനപക്ഷ കമ്മീഷൻ സിറ്റിങിൽ പരിഗണിച്ചത്. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ തകർന്നുപോയ വിവിധ മതസ്ഥരുടെ ആരാധനാലയങ്ങൾക്ക് പകരം കൽപ്പറ്റയിലെ പുനരധിവാസ ടൗൺഷിപ്പിൽ ആരാധനാലയങ്ങൾ കൂടി നിർമിക്കണമെന്ന മേപ്പാടി സ്വദേശിയുടെ അപേക്ഷയും കമ്മീഷന്റെ പരിഗണനയ്ക്ക് വന്നു. ഇത് സംബന്ധിച്ച് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ നൽകിയ മറുപടി തൃപ്തികരമല്ലെന്ന് വിലയിരുത്തിയ കമ്മീഷൻ പരാതി അടുത്ത സിറ്റിങിൽ പരിഗണിക്കാനായി മാറ്റിവെച്ചു. പൂളിഞ്ഞാലിലെ മുസ്ലിം പള്ളിയിൽ മരണാനന്തര പ്രാർത്ഥന തടഞ്ഞെന്ന ആരോപണവും കമ്മീഷൻ പരിശോധിച്ചു. ഈ വിഷയത്തിൽ ജില്ലാ പൊലീസ് സൂപ്രണ്ട്, വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവരുടെ മറുപടികളും കമ്മീഷന് മുന്നിലെത്തി. ഇക്കാര്യം വിശദമായ പരിശോധനകൾക്ക് വേണ്ടി അടുത്ത സിറ്റിങിലേക്ക് മാറ്റിവെച്ചു.

date