ആറാട്ടുപുഴയിൽ ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത വേണം-മന്ത്രി രമേശ് ചെന്നിത്തല
- സൂപ്പർ ക്ലോറിനേഷൻ,പൈപ്പുകളുടെ അറ്റകുറ്റപ്പണി എന്നിവ വേഗം പൂർത്തിയാക്കണം
- ആഹാര വിതരണ കേന്ദ്രങ്ങളിൽ പരിശോധനയ്ക്ക് പ്രത്യേക സ്ക്വാഡ്
ആറാട്ടുപുഴയിൽ വിവിധ വാർഡുകളിലായി 5 ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ആറാട്ടുപുഴയിൽ ചേർന്ന ഗ്രാമപഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികൾ, ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യവകുപ്പിലെയും മറ്റു വകുപ്പുകളിലെയും വിവിധ ഉദ്യോഗസ്ഥർ എന്നിവരുടെ അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വകുപ്പുകൾക്ക് നിർദേശം നൽകി. അടിയന്തര സൂപ്പർ ക്ലോറിനേഷൻ, ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണി എന്നിവ ഉറപ്പാക്കുന്നതിന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വീടുകളിൽ ശേഖരിക്കുന്ന വെള്ളം ക്ലോറിൻ ടാബ്ലറ്റ് ഉപയോഗിച്ച് ശുചീകരിക്കണം. 10,000 ക്ലോറിൻ ടാബ്ലറ്റുകൾ ഇതിനോടകം ആശുപത്രിയിൽനിന്ന് വീടുകളിലേക്ക് വിതരണം ചെയ്തിട്ടുണ്ട് എന്നിരുന്നാലും വരും ദിവസങ്ങളിൽ തുടർച്ചയായ വിതരണം ഉറപ്പാക്കാൻ നിർദ്ദേശിച്ചു. ഔട്ട് ബ്രേക്ക് മാനേജ്മെൻറ് ഭാഗമായി ക്ലോറിൻ ടാബ്ലറ്റ് ലഭ്യമാക്കുന്നതിന് ജില്ലാ പഞ്ചായത്തിന് മന്ത്രി നിർദ്ദേശം നൽകി. ഓരോ വീടുകളിലും കർശനമായ വ്യക്തി ശുചിത്വവും ആഹാര പാനിയ ശുചിത്വവും ഉറപ്പാക്കുക, വെളിയിടങ്ങളും ജലാശയങ്ങളും മനുഷ്യവിസർജ്യംമൂലം മലിനമാകാതിരിക്കാനും വൃത്തിഹീനമായി ശുചിമുറികൾ പ്രവർത്തിപ്പിക്കാതിരിനുമുള്ള ഉറപ്പ് എന്നിവ സാമൂഹ്യ പങ്കാളിത്തത്തോടെയും നിരീക്ഷണങ്ങളിലൂടെയും സാധ്യമാക്കണമെന്ന് മന്ത്രി പറഞ്ഞു. ആഹാര പാനീയ വിതരണ കേന്ദ്രങ്ങളുടെ ശുചിത്വം ഉറപ്പാക്കുന്നതിനുള്ള രാത്രികാല പരിശോധനയ്ക്ക് തിങ്കളാഴ്ച മുതൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡ് ഇറങ്ങുന്നതായിരിക്കും. പഞ്ചായത്തിൻറെ സഹകരണത്തോടെ മൈക്ക് അനൗൺസ്മെൻറ് ,സാമൂഹ്യ കൂട്ടായ്മകളിലെ ബോധവൽക്കരണം എന്നിവ വരും ദിവസങ്ങളിൽ തുടരുന്നതാണ്. വയറിളക്കമുള്ള,വീടുകളിൽ കഴിയുന്ന രോഗികളും സമ്പർക്കത്തിൽ ഉള്ളവരും രോഗ പകർച്ച ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ 40 അങ്ക ണവാടികളും 13 സ്കൂളുകളും ഉൾപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ജൂൺ 15 വരെ നീട്ടി വെച്ചിരിക്കുകയാണ് . മറ്റു സ്കൂളുകളിൽ പഠിക്കുന്നഈ പ്രദേശങ്ങളിലെ കുട്ടികൾ വിദ്യാലയങ്ങളിലും അംഗനവാടികളിലും ഒരു നിർദ്ദേശം ഉണ്ടാകുന്നതുവരെ വിദ്യാലയങ്ങളിലേക്ക് എത്തേണ്ടതില്ലെന്ന നിർദ്ദേശം വിദ്യാഭ്യാസവകുപ്പ് നൽകിയിട്ടുണ്ട്.
ഷിഗെല്ല: വയറിളക്കത്തിന്റെ ലക്ഷണങ്ങൾ നിസാരമാക്കരുത്
പകർച്ചാ സാധ്യത വളരെ കൂടുതലുള്ള ഷിഗെല്ല, ബാക്ടീരിയ പരത്തുന്ന വയറിളക്ക രോഗം തുടക്കത്തിലെ ശ്രദ്ധയോടെ ചികിത്സിക്കപ്പെടേണ്ടതാണെന്നും അത് നിസ്സാരമായി കാണരുതെന്നും ജില്ല മെഡിക്കൽ ഓഫീസർ (ആരോഗ്യം ) അറിയിച്ചു.
രോഗിയുടെ മലവിസർജ്യത്തിലൂടെ പുറത്തുവരുന്ന രോഗാണുക്കളാൽ മലിനമായ ആഹാരം, വെള്ളം, രോഗാണുക്കൾ ഉള്ള പ്രതലങ്ങൾ, രോഗി പരിചരണം എന്നിവയിലൂടെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നു.
രോഗാണു ബാധയുണ്ടായി ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ ആരംഭിക്കും.
പനി, വയറിളക്കം, ഛർദിൽ, മനംപിരട്ടൽ, രക്തം കലർന്ന മലം , വേദനയോടെ ഇടവിട്ട് ടോയ്‌ലറ്റിൽ പോകണമെന്ന തോന്നൽ തുടങ്ങിയവ ലക്ഷണങ്ങളാണ്.
ലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് ചികിത്സ തേടുക.
ഒ.ആർ.എസ് കരുതാം
രോഗമുള്ളവരിൽ ശരീരത്തിലെ ലവണങ്ങൾ നഷ്ടപ്പെടുന്നതും ജലനഷ്ടവും പരിഹരിക്കുന്നതിന് ഒ.ആർ.എസ് പാനീയം ഇടയ്ക്കിടെ കുടിക്കുക. സർക്കാർ ആശുപത്രികളിൽ നിന്നും അങ്കണവാടികളിൽ നിന്നും ലഭിക്കുന്ന പാക്കറ്റിലെ മിശ്രിതം ഒരു ലിറ്റർ തിളപ്പിച്ചാറിയ വെള്ളത്തിൽ പൂർണമായി ലയി പ്പിച്ചശേഷം ഉപയോഗിക്കുക. തയ്യാറാക്കി 24 മണിക്കൂർ കഴിഞ്ഞ പാനീയം ഉപയോഗിക്കരുത്.
മരുന്നുകൾ നിർദ്ദേശിക്കുന്ന ക്രമത്തിൽ ഡോസ് പൂർത്തിയാക്കി കഴിക്കുക.
ശ്രദ്ധിക്കേണ്ടത്
ആഹാര പാനിയ ശുചിത്വം, വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവ പാലിച്ച് രോഗപ്രതിരോധം ഉറപ്പാക്കുക. പാചകം ചെയ്യുന്നതിന് മുമ്പ്, ആഹാരം വിളമ്പുന്നതിനുമുമ്പ് ,ആഹാരം കഴിക്കുന്നതിനു മുമ്പ് ,ശുചിമുറി ഉപയോഗിച്ച ശേഷം തുടങ്ങിയ അവസരങ്ങളിലും കൈകൾ മലിനമാകാൻ ഇടയുള്ള എല്ലാ സാഹചര്യങ്ങളിലും സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് സമയം വിരലുകൾക്കിടയിലും നഖങ്ങൾ തമ്മിൽ ഉരച്ചും വൃത്തിയായി കഴുകാൻ ശ്രദ്ധിക്കുക.
രോഗികൾ ശ്രദ്ധിക്കുക
രോഗികൾ വ്യക്തി ശുചിത്വം പാലിച്ചാൽ മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാൻ കഴിയും.
ടോയ്ലറ്റിൽ പോയ ശേഷം എല്ലായ്പ്പോഴും സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക. കൈകഴുകുമ്പോൾ വിരലുകൾക്കിടയിലും നഖങ്ങൾ ഉരച്ചും കഴുകാൻ ശ്രദ്ധ വേണം.
ഉപയോഗശേഷം ടോയ്ലറ്റ് അണുനാശിനി ഉപയോഗിച്ച് കഴുകുക.
വീടിനുള്ളിൽ ഛർദ്ദിൽ നിലത്ത് വീണാൽ അണുനാശിനി ഉപയോഗിച്ച് തേച്ചു കഴുകി വൃത്തിയാക്കുക.
ധരിക്കുന്ന വസ്ത്രങ്ങളുടെ പ്രത്യേകിച്ച് അടിവസ്ത്രങ്ങളുടെ വൃത്തി, കിടക്ക വിരിയുടെ വൃത്തി എന്നിവ ഉറപ്പാക്കുക.
അസുഖം പിടിപെട്ടവർ ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ ,ഗ്ലാസ് എന്നിവ സോപ്പ് ഉപയോഗിച്ച് കഴുകുക.മറ്റുള്ളവർ ഇവ ഉപയോഗിക്കരുത്.നഖങ്ങൾ അഴുക്കിരിക്കാതെ വെട്ടി സൂക്ഷിക്കുക.
രോഗലക്ഷണങ്ങൾ കുറഞ്ഞാലും രണ്ടാഴ്ച എങ്കിലും പൊതുചടങ്ങുകളിൽ ഭക്ഷണം വിളമ്പുക,ആഹാരം പങ്കിടുക,ഭക്ഷണ ശാലകളിൽ പോകുക എന്നിവ ഒഴിവാക്കുക.
കിണർ /പൈപ്പ് /ആർ.ഓ പ്ലാൻറ് തുടങ്ങി എവിടെ നിന്നുള്ള വെള്ളമാണെങ്കിലും 15 മിനിറ്റ് നേരം തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.
പാചകത്തിനും പാത്രങ്ങൾ കഴുകുന്നതിനുമുള്ള വെള്ളം ക്ലോറിൻ ടാബ്ലറ്റ് ഉപയോഗിച്ച് ശുദ്ധീകരിക്കുക.
പാചകം ചെയ്യുന്നതിന് മുമ്പും ഭക്ഷണം വിളമ്പുന്നതിന് മുമ്പും ആഹാരം കഴിക്കുന്നതിനുമുമ്പും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ കഴുകിയ ശേഷം ഉപയോഗിക്കുക.
മുട്ട,കക്ക, കൊഞ്ച്,കണവ പോലെയുള്ള കടൽവിഭവങ്ങൾ , മാംസം എന്നിവ സമയം എടുത്ത് നന്നായി പാചകം ചെയ്ത ശേഷം കഴിക്കുക.
പഴകിയ ഭക്ഷണം കഴിക്കരുത്.തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുള്ള യാതൊരു പാനീയങ്ങളും ഉപയോഗിക്കരുത്.
മലവിസർജനം ടോയ്‌ലറ്റിൽ മാത്രം നടത്തുക. കുഞ്ഞുങ്ങളുടെ വിസർജ്യവും ടോയ്‌ലറ്റിൽ നിക്ഷേപിക്കുക
കുഞ്ഞുങ്ങളുടെ/ കിടപ്പുരോഗികളുടെ ഡയപ്പറുകൾ കൃത്യമായി സംസ്കരിക്കുക
ആഹാര പാനീയ വിതരണശാലകൾക്കുള്ള നിർദ്ദേശങ്ങൾ
പ്രദേശത്ത് വയറിളക്ക രോഗം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പാചകം ചെയ്യുമ്പോഴും ഭക്ഷണം വിതരണം ചെയ്യുമ്പോഴും ശുചിത്വം ഉറപ്പാക്കുക . പാചക ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് ഉണ്ടായിരിക്കണം. ക്ലോറിൻ ടാബ് ലെറ്റ് ഉപയോഗിച്ച് ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുക. മുട്ട, മാംസം എന്നിവ ഭാഗികമായി മാത്രം പാകം ചെയ്ത് തയ്യാറാക്കുന്ന ഭക്ഷണങ്ങൾ, തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുള്ള പാനീയങ്ങൾ എന്നിവ രോഗപ്പകർച്ചയുടെ കാലത്ത് വിതരണം ചെയ്യരുത്.
പാത്രങ്ങൾ സോപ്പ് ഉപയോഗിച്ച് ശുദ്ധ ജലത്തിൽ കഴിക്കുക.
ഈച്ച വരാത്ത വിധം അടുക്കളയും ഭക്ഷണം വിതരണം ചെയ്യുന്ന ഇടവും വൃത്തിയായി സൂക്ഷിക്കുക,ഭക്ഷണ പാനീയങ്ങൾ മൂടി സൂക്ഷിക്കുക.
കൈ കഴുകുന്നതിന് സോപ്പ് / ലിക്വിഡ് സോപ്പ് എന്നിവ വയ്ക്കുക
വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഐസ് ഭക്ഷണപാനീയങ്ങകളിൽ ഉപയോഗിക്കരുത്.
ഭക്ഷണം /വെള്ളം ഇവയുടെ സാമ്പിൾ പരിശോധന സ്ഥാപനത്തിൻറെ ശുചിത്വ പരിശോധന തുടങ്ങിയവയുമായി സ്ഥാപന ഉടമകൾ സഹകരിക്കുക.
രോഗപ്പകർച്ചയ്ക്ക് ഇടയാക്കുന്ന വിധം ആഹാര പാനീയങ്ങൾ വിതരണം ചെയ്യുന്നത് പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ശിക്ഷാർഹമാണ്.
- Log in to post comments