Skip to main content

*ടൗണ്‍ഷിപ്പ്: ദുരന്തബാധിതര്‍ക്കുള്ള ഉപജീവന ബത്ത മൂന്ന് മാസത്തേക്ക് കൂടി നീട്ടാൻ തീരുമാനം*

 

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ ഉപജീവന ബത്ത നിലവില്‍ നല്‍കുന്നതുപോലെ തന്നെ മൂന്ന് മാസത്തേക്ക് കൂടി തുടരാന്‍ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി എന്നിവരുടെ നേതൃത്വത്തില്‍ കലക്ടറേറ്റിൽ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. ദുരന്തബാധിതര്‍ക്ക് നിലവിൽ സ്വന്തമായി വരുമാനമാര്‍ഗ്ഗം കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണിത്. പുനരധിവാസ പദ്ധതികളുടെ പൂര്‍ണ്ണമായ അവലോകനവും പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണ് എന്നതിനെക്കുറിച്ചുള്ള വിലയിരുത്തലും യോഗത്തില്‍ നടത്തി. റവന്യൂ മന്ത്രിയുമായുള്ള യോഗം അടുത്ത മാസം ഒന്നാം തീയതി നടക്കും.

ടൗൺഷിപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലെ തൊഴിലാളികളുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നതായി യോഗം വിലയിരുത്തി.
മുന്‍പ് 2300ലധികം തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന സ്ഥാനത്ത് നിലവില്‍ തൊള്ളായിരത്തോളം പേര്‍ മാത്രമാണ് ജോലി ചെയ്യുന്നത്. കൂടുതല്‍ തൊഴിലാളികളെ കൊണ്ടുവന്ന് ജോലി വേഗത്തിലാക്കാൻ ഊരാളുങ്കലിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. 

ദുരന്തത്തിലുൾപ്പെട്ട 13 ഗോത്രവർഗ കുടുംബങ്ങളുടെ പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് മാതൃകയിലുള്ള വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനായിരുന്നു സര്‍ക്കാരിന്റെ മുന്‍ തീരുമാനം. എന്നാല്‍ ആദിവാസി ഗോത്ര സമൂഹം ആവശ്യപ്പെടുന്ന, അവരുടെ താല്പര്യപ്രകാരമുള്ള ഡിസൈനിലേക്ക് നിര്‍മ്മാണം മാറ്റാന്‍ യോഗത്തില്‍ തീരുമാനമായി. മഴക്കാലത്ത് ടൗണ്‍ഷിപ്പിന്റെ ഭാഗങ്ങളിൽ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാന്‍ അടിയന്തര സൗകര്യങ്ങൾ ഒരുക്കാൻ ഊരാളുങ്കലിന് നിർദേശം നൽകി.

സാസ്കി പദ്ധതിയുടെ മുഴുവന്‍ പ്രോജക്ടുകളും പ്രത്യേകം അവലോകനം ചെയ്യാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
പുനരധിവാസ പ്രവര്‍ത്തനങ്ങൾ സമയബന്ധിതമായി തീര്‍ക്കുന്നതിന് ഒരു സമയബന്ധിത മിഷന്‍  രൂപീകരിക്കാനും മന്ത്രിമാർ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പുന്നപ്പുഴ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാനും പ്രത്യേക നിര്‍ദ്ദേശം നല്‍കി. സാമ്പത്തിക സഹായ നടപടികളുടെ തൽസ്ഥിതി, പുന്ന പുഴയുടെ ഒഴുക്ക് സംബന്ധിച്ച കാര്യങ്ങൾ, കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന മൈക്രോ പ്ലാൻ, കൃഷി, മൃഗസംരക്ഷണം, ആരോഗ്യം ഉൾപ്പെടെയുള്ള വകുപ്പുകളുടെ നിലവിലെ പ്രവർത്തന പുരോഗതിയും യോഗം വിലയിരുത്തി.

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ഊരാളുങ്കൽ- നിർമിതി കേന്ദ്ര പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.

date